പെരുന്നാൾ-വേനലവധിക്കാലം പ്രമാണിച്ച് ജസീറ എയർവേയ്‌സ് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് 15 കുവൈത്തി ദിനാർ മുതൽ വൺ-വേ ടിക്കറ്റുകൾ ലഭ്യമാണ്. മെയ് 31 വരെ ബുക്ക് ചെയ്യുന്നവർക്ക് 2026 മെയ് 27 മുതൽ സെപ്റ്റംബർ 30 വരെ യാത്ര ചെയ്യാം.
കുവൈത്ത് സിറ്റി: പെരുന്നാൾ-വേനലവധിക്കാലം പ്രമാണിച്ച് യാത്രക്കാർക്കായി ആകർഷകമായ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സ്. ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യാൻ അവസരമൊരുക്കി തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് വൺ-വേ ടിക്കറ്റുകൾ വെറും 15 കുവൈത്തി ദിനാർ മുതലുള്ള നിരക്കിലാണ് എയർലൈൻ ലഭ്യമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മെയ് 31 വരെ മാത്രമായിരിക്കും ഈ പരിമിതകാല ഓഫറിന്റെ കാലാവധി. ഈ ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2026 മെയ് 27 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാവുന്നതാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയർവേയ്‌സിന്റെ അത്യാധുനിക ടി5 ടെർമിനൽ വഴി ലഭ്യമാകുന്ന നേരിട്ടുള്ള വിമാനങ്ങൾ പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് വിവിധ വിനോദസഞ്ചാര, വാണിജ്യ കേന്ദ്രങ്ങളിലേക്ക് സുഗമമായി സഞ്ചരിക്കാം.
പെരുന്നാൾ കാലം കുടുംബത്തോടൊപ്പം ആഘോഷിക്കാനും പ്രിയപ്പെട്ടവരുമായി ഒത്തുചേരാനും ഏറ്റവും അനുയോജ്യമായ സമയമാണെന്നും ഈ അവസരത്തിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നതിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്നും ജസീറ എയർവേയ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പോൾ കാരോൾ വ്യക്തമാക്കി. പുതിയ യൂറോപ്യൻ സർവീസുകൾ ഉൾപ്പെടെ തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം തന്നെ, യാത്രക്കാർക്ക് ഏറ്റവും മികച്ചതും സൗകര്യപ്രദവുമായ സേവനങ്ങൾ മൂല്യവത്തായ നിരക്കിൽ നൽകാൻ കമ്പനി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആനുകൂല്യം സ്വന്തമാക്കാൻ താല്പര്യപ്പെടുന്നവർ ജസീറ എയർവേയ്‌സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയോ അല്ലെങ്കിൽ കമ്പനിയുടെ ഹെൽപ്‌ലൈൻ നമ്പറായ 177-ൽ ബന്ധപ്പെട്ടോ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.


