ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് മേധാവിയായ മാത്യു വിര്‍, സീനിയര്‍ ലക്ചറര്‍ റൊസെറ്റ ബിനു എന്നിവര്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒയുമായി ചര്‍ച്ച നടത്തി. 

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പഠനാവസരം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയുമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് മേധാവിയായ മാത്യു വിര്‍, സീനിയര്‍ ലക്ചറര്‍ റൊസെറ്റ ബിനു എന്നിവര്‍ ചര്‍ച്ച നടത്തി. 

കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വിശ്വസ്തമായ സേവനം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സിഇഒ അജിത് കോളശേരി പറഞ്ഞു. വ്യവസ്ഥാപിതവും വിശ്വസ്തവുമായ കുടിയേറ്റത്തിനെയാണ് നോര്‍ക്ക റൂട്ട്‌സ് പ്രോത്സാഹിപ്പിക്കുന്നത്. പ്രവാസി മലയാളികള്‍ ലോകത്ത് എവിടെയാണെങ്കിലും അവരുടെ കാര്യങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും. ജോലി സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ക്കാണ് മലയാളി ഉദ്യോഗാര്‍ഥികള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് മികച്ച പഠനാവസരം നല്‍കാന്‍ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് മേധാവിയായ മാത്യു വിര്‍ പറഞ്ഞു. പ്രധാനമായും എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍, ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകളുണ്ട്. സെപ്റ്റംബര്‍ മാസത്തിലാണ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ആരംഭിക്കുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ 98 ശതമാനം പേര്‍ക്കും പ്ലേസ്‌മെന്റ് ലഭിക്കുന്നുണ്ട്. പഠനത്തിനൊപ്പം ജോലി ചെയ്യുന്നതിനുള്ള അവസരവും യൂണിവേഴ്‌സിറ്റി ഒരുക്കി നല്‍കും. നോര്‍ക്ക റൂട്ട്‌സുമായുള്ള സഹകരണ സാധ്യത വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍ ബി. പ്രവീണ്‍, അസിസ്റ്റന്റ് എസ്. ഷീബ എന്നിവര്‍ പങ്കെടുത്തു. 

Read Also - 3 മാസത്തിനകം ജര്‍മ്മനിയിലേക്ക് പറക്കും, ട്രിപ്പിള്‍ വിന്‍ പദ്ധതി; നഴ്‌സുമാര്‍ക്ക് വര്‍ക് പെർമിറ്റ് കൈമാറി

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പഠനാവസരം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയുമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് മേധാവിയായ മാത്യു വിര്‍, സീനിയര്‍ ലക്ചറര്‍ റൊസെറ്റ ബിനു എന്നിവര്‍ സംസാരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം