നമസ്കാരത്തിനിടെ ഹൃദയ സ്തംഭനമുണ്ടായി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നമസ്കാര സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സ്‌പോൺസറുടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് നമസ്കാരത്തിലെ സാഷ്ടാംഗം ചെയ്യുന്ന രൂപത്തിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
റിയാദ്: നമസ്കാരത്തിനിടെ ഹൃദയ സ്തംഭനമുണ്ടായി മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മംഗലാപുരം സ്വദേശി അബ്ദുള്ള മൊയ്‌ദീൻ കുഞ്ഞി (60) ആണ് അൽഖോബാറിൽ മരിച്ചത്. കാൽ നൂറ്റാണ്ടിലധികമായി അൽഖോബാറിൽ സ്വദേശിയുടെ വീട്ടിൽ സഹായതൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ നമസ്കാര സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സ്‌പോൺസറുടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് നമസ്കാരത്തിലെ സാഷ്ടാംഗം ചെയ്യുന്ന (സുജൂദ്) രൂപത്തിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ ആരോഗ്യപ്രവർത്തകരെത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ദമ്മാം വിമാനത്താവളത്തിൽ നിന്നും മംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൽ കഴിഞ്ഞ ദിവസം രാവിലെ മൃതദേഹം നാട്ടിലെത്തിച്ചു. ദമ്മാം റഹിമയിൽ ജോലി ചെയ്യുന്ന രണ്ടു മക്കൾ മൃതദേഹത്തെ അനുഗമിച്ചിരുന്നു. നാട്ടിൽ ഭാര്യയും ഒരു മകളുമുണ്ട്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി കെ.എം.സി.സി അൽഖോബാർ വെൽഫെയർ വിഭാഗം നേതാക്കളായ ഇക്ബാൽ ആനമങ്ങാട്, ഹുസൈൻ ഹംസ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.


