റിയാദ്: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ മലയാളി ബാലനെ റിയാദില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് അരൂര്‍ സ്വദേശി മുഹമ്മദ് സുനീറിന്റെ മകന്‍ മുഹമ്മദ് സഹലിനെ (6) ആണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച സഹലിന് ചികിത്സ തുടരുകയാണ്.  

ഒക്ടോബര്‍ 10നാണ് അപകടം നടന്നത്. റിയാദ് എക്‌സിറ്റ് 17നടുത്ത് ഇലക്ട്രിസിറ്റി ഓഫിസിനടുത്ത് വെച്ച് നിയന്ത്രണം വിട്ട് വന്ന കാറിടിച്ചാണ് സഹലിനും പിതാവ് സുനീറിനും സുഹൃത്തും റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ സൈതു മീഞ്ചന്തക്കും പരിക്കേറ്റത്. യമനി പൗരന്‍ ഓടിച്ച വാഹനം റോഡരികില്‍ വീടിനടുത്ത് സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവര്‍ക്കരികിലേക്ക് ഓടിക്കയറുകയായിരുന്നു. മൂവരെയും ഉടനെ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ സഹലിന് സാരമായി പരിക്കേറ്റിരുന്നു. തലക്കും കൈക്കും പരിക്കേറ്റ സഹല്‍ അബോധാവസ്ഥയിലായിരുന്നു. ആരോഗ്യ നിലയില്‍ അല്‍പം മാറ്റം വന്നതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചത്. സഹലിനൊപ്പം ഉമ്മയും സഹോദരിയും കൂടാതെ സുനീറിന്റെ ബന്ധുവായ ഹുസൈനും യാത്രയില്‍ അനുഗമിച്ചു. ഡോ. സമീര്‍ പോളിക്ലിനിക്കിന്റെ ആംബുലന്‍സിലാണ് കുട്ടിയെ വിമാനത്താവളത്തിലെത്തിച്ചത്. അപകടത്തില്‍ കാലിന് പരിക്കേറ്റ സുനീര്‍ പിന്നീട് ആശുപത്രി വിട്ടു. 

കൈകാലുകളുടെ എല്ലുകള്‍ പൊട്ടിയ സൈതുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. റിയാദില്‍ തന്നെയുള്ള സുഹൃത്തിന്റെ വീട്ടില്‍ കഴിയുകയാണ് സൈതു. കാലിനേറ്റ പരിക്ക് അല്‍പം കൂടി ഭേദമായല്‍ നാട്ടിലേക്ക് തിരിക്കാനാണ് സൈതുവിന്റെ തീരുമാനം. റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മജീദ് പരപ്പനങ്ങാടി, അഷ് റഫ് വെള്ളേപ്പാടം, ദഖ്വാന്‍, അനൂപ്, ബഷീര്‍, എയര്‍ ഇന്ത്യാജീവനക്കാരായ മനോജ്, നൗഷാദ് എന്നിവരും അനന്തര നടപടികള്‍ പൂര്‍ത്തിയാക്കാനായി രംഗത്തുണ്ടായിരുന്നു.