റിയാദ്: മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ കെ.എം.സി.സി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍ വടക്കുമ്പാട് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശിയാണ്.

ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളുടെ റൂമില്‍ താമസിച്ച മുനീര്‍ ഭക്ഷണം കഴിച്ച് രാത്രി വൈകി ഉറങ്ങിയതായിരുന്നു. ബുധനാഴ്ച്ച ഉച്ചയായിട്ടും ജോലിക്കെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷമായി ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തിരുന്ന മുനീര്‍ നാട്ടില്‍ മുസ്ലിം ലീഗിന്റെയും സൗദിയില്‍ കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. എം.എസ്.എഫ് ബേപ്പൂര്‍ മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിംലീഗ് മുന്‍ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുന്‍ ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. പിതാവ്: കൊടക്കാട്ടകത്ത് മുഹമ്മദുണ്ണി, മാതാവ്: ബീഫാത്തിമ, ഭാര്യ: ബുഷ്റ, മക്കള്‍: നിമിയ ശെറിന്‍, നെഷ്മിയ, അഹ്ബാന്‍ മുനീര്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.