ഗാസയിലേക്ക് സഹായവുമായി സൗദിയുടെ രണ്ട് കപ്പലുകൾ കൂടി അടുത്തയാഴ്ച പുറപ്പെടും
റിയാദ്: പലസ്തീനിലെ ജനങ്ങൾക്ക് സഹായങ്ങൾ എത്തിക്കുന്നതിലെ പുരോഗതി പരിശോധിക്കാൻ സൗദി അറേബ്യയുടെ കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ ഈജിപ്തിലെ അൽ-അരീഷിലെത്തി. സൗദിയിൽനിന്ന് അയച്ച സഹായങ്ങൾ റഫ അതിർത്തിയിലേക്കും അവിടെന്ന് ഗാസയിലേക്കും അയക്കുന്ന നടപടികളും സംവിധാനവും നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.
റഫ അതിർത്തി കടന്നുള്ള ദുരിതാശ്വാസ വാഹനവ്യൂഹങ്ങളിലൊന്നിൻറെ യാത്ര അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വെയർഹൗസുകൾ സന്ദർശിക്കുകയും സൗദി ദുരിതാശ്വാസ വാഹനവ്യൂഹങ്ങൾ ഒരുക്കുന്നതിെൻറയും ഘട്ടങ്ങൾ കണ്ടു. സഹായം എത്തിക്കുന്നതിന് ചുമതലയേൽപ്പിക്കപ്പെട്ട ഉദ്യോഗസ്ഥരുമായുള്ള ഏകോപന നടപടിക്രമങ്ങൾ അദ്ദേഹം അവലോകനം ചെയ്തു. പിന്നീട് റഫ അതിർത്തി സന്ദർശിക്കുകയും ക്രമീകരണങ്ങൾ, ദുരിതാശ്വാസ വാഹനങ്ങളുടെ വലുപ്പം, അതിർത്തിയിലെ മാനുഷിക പ്രവർത്തനങ്ങളുടെ പുരോഗതി എന്നിവ വിലയിരുത്തി.
സൽമാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശ പ്രകാരം കിങ് സൽമാൻ റിലീഫ് കേന്ദ്രം മെഡിക്കൽ, ഭക്ഷണം, പാർപ്പിട സാമഗ്രികൾ, ആംബുലൻസുകൾ എന്നിങ്ങനെ ടൺകണക്കിന് വസ്തുക്കൾ 15 വിമാനങ്ങളിലായി അൽ അരീഷ് വിമാനത്താവളത്തിലെത്തിച്ചതായി ഡോ. റബീഅ പറഞ്ഞു.
Read Also - മകളെ ഡ്രോയിങ് ക്ലാസില്‍ വിടുമ്പോൾ അപ്രതീക്ഷിത ഭാഗ്യം, ജീവിതക്കും സുരേഷിനും ജീവിതം മാറ്റിമറിക്കുന്ന സമ്മാനം
കൂടാതെ ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തുനിന്ന് ഇൗജിപ്തിലെ സെയ്ദ് തുറമുഖത്തേക്ക് 1050 ടൺ വസ്തുക്കളുമായി ദുരിതാശ്വാസ കപ്പലും അയച്ചു. ഇവയെല്ലാം വരുംദിവസങ്ങളിൽ ഗസ്സയിലെ ജനങ്ങൾക്ക് എത്തിക്കുന്നതിനുള്ള നടപടികൾ കിങ് സൽമാൻ കേന്ദ്രത്തിനു കീഴിൽ പുരോഗമിക്കുകയാണ്. രണ്ടാമത്തെ കപ്പൽ അടുത്ത ശനിയാഴ്ചയും മൂന്നാമത്തെ കപ്പൽ അടുത്ത ചൊവ്വാഴ്ചയും പുറപ്പെടുമെന്നും ഗസ്സക്ക് സഹായമെത്തിക്കുന്നത് തുടരുമെന്നും ഡോ. റബീഅ പറഞ്ഞു.
ഈജിപ്തിലെ സൗദി അംബാസഡർ ഉസാമ ബിൻ അഹമ്മദ് നഖ്‌ലി, കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക സംഘം, ഈജിപ്ഷ്യൻ റെഡ് ക്രസൻറ് സൊസൈറ്റി, ഫലസ്തീനിയൻ റെഡ് ക്രസൻറ് പ്രതിനിധികൾ എന്നിവരെ ഡോ. അൽറബീഅയെ അനുഗമിച്ചു.
