കർണാടകത്തിലെ കൽബുർഗിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചു. ഇൻഗലഗി സ്വദേശികളാണ് മരിച്ചത്. യാദ്ഗിരിയിൽനിന്ന് മടങ്ങിവരുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ച ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
കൽബുർഗി: കർണാടകത്തിലെ കൽബുർഗിയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്

ശനിയാഴ്ച പുലർച്ചെ 12:30ന് ദേശീയപാതയിൽ ചീത്താപൂരിന് സമീപമാണ് അപകടം നടന്നത്. യാദ്ഗിരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം. ഇവർ സഞ്ചരിച്ച ക്രൂയിസർ ജീപ്പും ഗുജറാത്തിൽനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന അഞ്ചുപേർക്കും തൽക്ഷണം മരണം സംഭവിച്ചു. മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
സംഭവത്തിൽ ജീപ്പ് പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കൽബുർഗി എസ്പി എ ശ്രീനിവാസുലു അപകടസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
അപകടത്തിൽ മന്ത്രി പ്രിയങ്ക് ഖാർഗെ നടുക്കം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. അപകടവുമായി ബന്ധപ്പെട്ട് വാഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.


