കുവൈത്തിലെ സാൽമിയയിൽ നടത്തിയ പരിശോധനയിൽ ആറ് കിലോഗ്രാമിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തു. ഒരു ഈജിപ്ഷ്യൻ പൗരന്റെ നിർദ്ദേശപ്രകാരമാണ് ഇവർ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിലെ ഒരു താമസസ്ഥലത്ത് നിന്ന് ആറ് കിലോഗ്രാമിലധികം മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് വിദേശികളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. രണ്ട് ഗാർഹിക തൊഴിലാളികളും തൊഴിലില്ലാത്ത ഒരു വിദേശിയുമാണ് പിടിയിലായത്.
ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, ലിറിക്ക ഗുളികകൾ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. സാൽമിയയിലെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിന് സമീപം ഏഷ്യൻ വംശജയായ ഒരു സ്ത്രീ സംശയാസ്പദമായ പാക്കറ്റുകൾ വെക്കുന്നത് കണ്ടതായി ലഹരിവിരുദ്ധ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പാക്കറ്റുകളിൽ മയക്കുമരുന്നാണെന്ന് സ്ഥിരീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ താമസസ്ഥലം കണ്ടെത്തുകയും ചെയ്തു.
യുവതിയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ വിതരണത്തിനായി തയ്യാറാക്കിവെച്ചിരുന്ന കൂടുതൽ മയക്കുമരുന്ന് ശേഖരം കണ്ടെത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന രണ്ടാമത്തെ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും മയക്കുമരുന്ന് കച്ചവടത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ചു. ഫോൺ വഴി തങ്ങളെ ബന്ധപ്പെടുന്ന ഒരു ഈജിപ്ഷ്യൻ പൗരന്റെ നിർദ്ദേശപ്രകാരമാണ് വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതെന്ന് ഇവർ വെളിപ്പെടുത്തി. സ്പോൺസറുടെ അടുത്ത് ജോലിക്ക് പോകാതിരിക്കാൻ ഇവർ ഇടനിലക്കാർക്ക് കൈക്കൂലി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.


