കുവൈത്ത് ഭരണകൂടം സബ്‍സിഡി നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ വില്‍പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത്തരം ഭക്ഷ്യവസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമ നടപടികള്‍ക്ക് വഴിവെയ്‍ക്കുമെന്നും  സ്വദേശികളോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് വിദേശത്തേക്ക് റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സുലൈബിയയില്‍ വെച്ച് കുവൈത്ത് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് സബ്‍സിഡിയുള്ള ഭക്ഷ്യ വസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം കണ്ടെത്തിയത്.

കുവൈത്ത് ഭരണകൂടം സബ്‍സിഡി നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ വില്‍പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത്തരം ഭക്ഷ്യവസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമ നടപടികള്‍ക്ക് വഴിവെയ്‍ക്കുമെന്നും സ്വദേശികളോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ച് വന്‍തോതില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താന്‍ നടത്തിയ ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത ഭക്ഷ്യ വസ്‍‍തുക്കള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വാണിജ്യ - വ്യവസായ മന്ത്രാലയത്തിന് കൈമാറി. 

Read also: കുവൈത്തില്‍ 53 കെട്ടിടങ്ങളില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു

യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്കായി പ്രത്യേക ക്യാമ്പ്
ദുബൈ: യുഎഇയിലുണ്ടായ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‍തവര്‍ക്കായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് സെന്ററുകളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ കോണ്‍സുലേറ്റിന് 80 അപേക്ഷകള്‍ ലഭിച്ചു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

'പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്‍ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും' ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞയാഴ്ച യുഎഇയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറു കണക്കിന് ആളുകള്‍ക്കാണ് സ്വന്തം താമസ സ്ഥങ്ങള്‍ വിട്ട് താത്കാലിക അഭയ കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറേണ്ടി വന്നത്. നിരവധിപ്പേര്‍ക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പാസ്‍പോര്‍ട്ടുകളും ഉള്‍പ്പെടെ വിലപ്പെട്ട രേഖകളെല്ലാം പ്രളയത്തില്‍ നഷ്ടമായി. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കായും അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

Read also: യുഎഇ വെള്ളപ്പൊക്കം; മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു