കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്ന് ഈജിപ്ത് എയർ, ഫ്ലൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചു. ഘട്ടം ഘട്ടമായുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായി എമിറേറ്റ്സ്, എയർ അറേബ്യ എന്നിവയുൾപ്പെടെ കൂടുതൽ സർവീസുകൾ വരും ദിവസങ്ങളിൽ ആരംഭിക്കും.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 4 -ൽ നിന്ന് ഈജിപ്ത് എയർ, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ സർവീസുകൾ ആരംഭിച്ചു. താൽക്കാലികമായി വെട്ടിക്കുറച്ചിരുന്ന വിമാന സർവീസുകൾ ഘട്ടഘട്ടമായി പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇതിന് പിന്നാലെ ജൂൺ 18 മുതൽ എയർ അറേബ്യ, മിഡിൽ ഈസ്റ്റ് എയർലൈൻസ്, സിറിയൻ എയർലൈൻസ്, എമിറേറ്റ്സ് എന്നിവയും സർവീസുകൾ ആരംഭിക്കും. ജൂൺ 19-ന് ഗൾഫ് എയർ ഒരു സർവീസും, ശനിയാഴ്ച നൈൽ എയർ, യെമനിയ എന്നിവ രണ്ട് സർവീസുകൾ വീതവും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. സർവീസുകൾ പുനരാരംഭിച്ച ആദ്യദിനം ഈജിപ്ത് എയറിലെ 242 യാത്രക്കാരും ഫ്ലൈ ദുബായിലെ 180 യാത്രക്കാരുമുൾപ്പെടെ ആകെ 422 പേരാണ് T4 ടെർമിനൽ വഴി യാത്ര തിരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി ഉറപ്പുവരുത്തിക്കൊണ്ട് യാത്രാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഗൾഫ്, അറബ്, അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കായി T4 ടെർമിനൽ വഴിയുള്ള സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിക്കാൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ദിവസേന പുലർച്ചെ 4 മണി മുതൽ രാത്രി 10 മണി വരെയാണ് വിമാനങ്ങൾ സർവീസ് നടത്തുക. വിമാനക്കമ്പനികൾക്ക് ആദ്യഘട്ടത്തിൽ ഓരോ സർവീസ് വീതം നടത്താനാണ് അനുമതിയുള്ളത്. ഇത് പിന്നീട് ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കും.

യാത്രക്കാരുടെ സുഗമമായ നീക്കത്തിനായി 50 ചെക്ക്-ഇൻ കൗണ്ടറുകൾ സജ്ജമാക്കുകയും, ഇമിഗ്രേഷൻ-സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളുമായി ചേർന്നുള്ള ഏകോപനവും പൂർത്തിയാക്കി. അതേസമയം, എയർ കാർഗോ, സ്വകാര്യ വ്യോമയാന സർവീസുകൾ എന്നിവ തടസ്സമില്ലാതെ തുടരും. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും, യാത്രയ്ക്ക് മുൻപായി വിമാന സമയങ്ങൾ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.