ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും പുതിയ ഇന്ത്യൻ കോൺസൽ ജനറലായി 2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ഡോ. എമ്മാടി വിഷ്ണു വർധൻ റെഡ്ഡിയെ നിയമിച്ചു. നിലവിലെ കോൺസൽ ജനറൽ സതീഷ് കുമാർ ശിവന് പകരക്കാരനായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ഗൾഫ് മേഖലയിലെ ഡോ. റെഡ്ഡിയുടെ ആദ്യ നയതന്ത്ര നിയമനമാണിത്.

ദുബായ്: ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. എമ്മാടി വിഷ്ണു വർധൻ റെഡ്ഡിയെ നിയമിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ഡോ. റെഡ്ഡി, നിലവിലെ കോൺസൽ ജനറലായ സതീഷ് കുമാർ ശിവന് പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. രാജ്യാന്തര തലത്തിലും വിദേശകാര്യ മന്ത്രാലയത്തിലും ദീർഘകാല പ്രവർത്തന പരിചയമുള്ള നയതന്ത്രജ്ഞനാണ് ഡോ. വിഷ്ണു വർധൻ റെഡ്ഡി. മാഡ്രിഡിലെയും ഇന്ത്യൻ എംബസികളിൽ ഉഭയകക്ഷി-ബഹുമുഖ ബന്ധങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ വെസ്റ്റ് യൂറോപ്പ്, ലാറ്റിൻ അമേരിക്ക ആൻഡ് കരീബിയൻ, എക്സ്റ്റേണൽ പബ്ലിസിറ്റി എന്നീ പ്രധാന വിഭാഗങ്ങളിൽ പ്രവർത്തിച്ചു. 

ഹൈദരാബാദിൽ റീജിയണൽ പാസ്‌പോർട്ട് ഓഫീസറായും തെലങ്കാന സർക്കാരിന് കീഴിൽ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് എക്സ്റ്റേണൽ എൻഗേജ്‌മെന്റ് സ്പെഷ്യൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ ഡോ. റെഡ്ഡിയുടെ ആദ്യ നയതന്ത്ര നിയമനമാണിത്. യുഎഇയിലെ വലിയ ഭൂരിപക്ഷം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സേവനങ്ങളും ഉറപ്പാക്കുന്നതിൽ പുതിയ കോൺസൽ ജനറലിന്റെ നിയമനം നിർണായകമാകും.