ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനത്തോട് കൂടിയ പുതിയ ഹൈടെക് സുരക്ഷാ പട്രോൾ വാഹനങ്ങൾ കുവൈത്തിൽ പുറത്തിറക്കി.

കുവൈത്ത്: കുവൈത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനത്തോട് കൂടിയ പുതിയ ഹൈടെക് സുരക്ഷാ പട്രോൾ വാഹനങ്ങൾ പുറത്തിറക്കി. ആഭ്യന്തര മന്ത്രിയായ ശൈഖ് ഫഹദ് അൽ യൂസഫിന്‍റെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ സുരക്ഷാ പട്രോൾ വാഹനം പുറത്തിറക്കിയത്.

മുഖം തിരിച്ചറിയൽ സംവിധാനത്തോട് ബന്ധിപ്പിച്ച സ്മാർട്ട് മൊബൈൽ ക്യാമറ, വാഹന ലൈസൻസ് പ്ലേറ്റ് സ്കാനർ, പോർട്ടബിൾ വിരലടയാള തിരിച്ചറിയൽ ഉപകരണം തുടങ്ങിയവ പുതിയ പട്രോൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ നേരിട്ട് മന്ത്രാലയ ഡാറ്റാബേസുമായി പൊരുത്തപ്പെടുത്തി, വേഗത്തിൽ അന്വേഷിക്കുന്ന വ്യക്തികളെയും വാഹനങ്ങളെയും തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ കഴിയും. ഈ പുതിയ സാങ്കേതിക വിദ്യകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും നടപടികളുടെ കൃത്യതയും വർധിപ്പിക്കാൻ വലിയ പിന്തുണ നൽകുമെന്നും രാജ്യത്തെ സുരക്ഷയും സ്ഥിരതയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.