കുവൈത്തിൽ പള്ളിക്ക് സമീപം യുവാവിന് കുത്തേറ്റു. അഞ്ച് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഇരുകൈകൾക്കും കുത്തേറ്റ യുവാവിന്‍റെ വാരിയെല്ലിന് പൊട്ടലുണ്ട്. രക്തസ്രാവം തടയാൻ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-റിഖ പ്രദേശത്ത് പള്ളിയിൽ നിന്ന് സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന കുവൈത്തി പൗരനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത അഞ്ച് അപരിചിതരായ അക്രമികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

സ്വദേശി പൗരനുമായി അക്രമികളിലൊരാൾ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെട്ടതാണ് സംഭവത്തിന്‍റെ തുടക്കം. തുടർന്ന് മറ്റുള്ളവർ ചേർന്ന് ഇയാളെ തടഞ്ഞുനിർത്തുകയും ദാരുണമായി മർദ്ദിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. അക്രമികളെ മുൻപരിചയമില്ലെന്ന് ഇരയായ യുവാവ് പൊലീസിന് മൊഴി നൽകി.

ഇരുകൈകൾക്കും കുത്തേറ്റ യുവാവിന്‍റെ വാരിയെല്ലിനും പൊട്ടലുണ്ട്. രക്തസ്രാവം തടയാൻ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കേസ് ഗുരുതരമായ കുറ്റകൃത്യമായി രജിസ്റ്റർ ചെയ്യുകയും കേസ് വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അക്രമികളെ ഉടനടി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും കേസിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാനും ഡെപ്യൂട്ടി പബ്ലിക് പ്രൊസിക്യൂട്ടർ ഡിറ്റക്ടീവുകൾക്ക് നിർദ്ദേശം നൽകി. അക്രമികൾക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.