വൻതോതിൽ ലഹരിമരുന്നുകളും തോക്കും കൈവശം വെച്ച് വിൽപ്പന നടത്തിയ കുവൈത്ത് പൗരനെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ഫർവാനിയയിലെ കുതിരലായത്തിൽ നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ, ഹാഷിഷ്, ലിറിക്ക ഗുളികകൾ എന്നിവയുൾപ്പെടെ നിരവധി ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും കൈവശം വെച്ച് വിൽപ്പന നടത്തിയ കുവൈത്ത് പൗരൻ അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് ഇയാളെ പിടികൂടിയത്. ഫർവാനിയയിലെ കുതിരലായങ്ങളുടെ മേഖലയിൽ വാടകയ്‌ക്കെടുത്ത താവളത്തിൽ നിന്നാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. തുടർന്ന് അബ്ദുള്ള അൽ-മുബാറക് മേഖലയിലുള്ള മറ്റൊരു കേന്ദ്രത്തിലും സുരക്ഷാ സേന പരിശോധന നടത്തി.

300 ഗ്രാമോളം കൊക്കെയ്ൻ, 250 ഗ്രാമോളം ഹാഷിഷ്, 3,500 ഓളം ലിറിക്ക ഗുളികകൾ, സിന്തറ്റിക് ലഹരി വസ്തുക്കൾ അടങ്ങിയ 1,000 ഓളം കെമിക്കൽ പേപ്പറുകൾ, 50 ഗ്രാമോളം മെത്താംഫെറ്റമിൻ, ഒരു പിസ്റ്റളും വെടിയുണ്ടകളും, 4 ഡിജിറ്റൽ ന്യൂതന ത്രാസുകൾ എന്നിവയും പരിശോധനയിൽ പിടികൂടി. പിടിയിലായ പ്രതിയെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അനുവദിച്ച ആവശ്യത്തിനല്ലാതെ മറ്റ് അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, കുതിരലായത്തിന്റെ ഉടമയെ പൊലീസ് ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്.

പ്രസ്തുത സ്ഥലം സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകി. നിയമവിരുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഏതൊരു വസ്തുവും സർക്കാരിലേക്ക് കണ്ടുകെട്ടുമെന്നും ലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.