പാര്‍ലമന്റുമായുള്ള പ്രശ്‌നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ ഇന്ന് നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുന്നോടിയായാണ് രാജി.

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ വീണ്ടും രാജിവെച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ചൊവ്വാഴ്ച ബയാന്‍ പാലസിലെത്തി രാജിക്കത്ത് അമീറിന്റെ ചുമതല വഹിക്കുന്ന കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് കൈമാറി. 

പാര്‍ലമന്റുമായുള്ള പ്രശ്‌നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ ഇന്ന് നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുന്നോടിയായാണ് രാജി. 2019 ഡിസംബറിലാണ് ശൈഖ് സബാഹ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് മൂന്ന് തവണ രാജിവെക്കുകയും പിന്നീട് പുതിയ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റത്. 

പൗരത്വം തിരുത്തി സര്‍ക്കാര്‍ ജോലി നേടി; കുവൈത്തില്‍ വിദേശിക്ക് ശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരത്വം രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിടിയിലായ വിദേശിക്ക് മൂന്ന് വര്‍ഷം കഠിന് തടവ്. സൗദി പൗരനെയാണ് കുവൈത്ത് പരമോന്നത കോടതി ശിക്ഷിച്ചത്. നേരത്തെ ഇയാളെ കീഴ്‍കോടതി വെറുതെ വിട്ടിരുന്നെങ്കിലും പരമോന്നത കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.

വ്യാജ രേഖകള്‍ ചമച്ചുണ്ടാക്കിയ കൃത്രിമ പൗരത്വം മറയാക്കി കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളില്‍ ഇയാള്‍ ജോലി ചെയ്‍തു വരികയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. ഒരു കുവൈത്ത് സ്വദേശിയുടെ ഫയലുകളില്‍ സ്വന്തം പേര് ചേര്‍ത്താണ് ഇയാള്‍ കൃത്രിമ പൗരത്വം രേഖകളുണ്ടാക്കിയതെന്നും കണ്ടെത്തി. എന്നാല്‍ കേസ് ആദ്യം പരിഗണിച്ച പ്രാഥമിക കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഈ വിധിക്കെതിരായ അപ്പീല്‍ പരമോന്നത കോടതിയുടെ പരിഗണനയ്‍ക്ക് വന്നപ്പോള്‍ നേരത്തെയുണ്ടായിരുന്ന വിധി റദ്ദാക്കുകയും പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു.