വിദേശ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ അത് നിർമ്മിച്ച രാജ്യത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചു.
റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ അത് നിർമ്മിച്ച രാജ്യത്തിന്റെ പേര് കൂടി രേഖപ്പെടുത്തണമെന്ന് സൗദി അറേബ്യ. വിദേശ ഉൽപ്പന്നങ്ങളിൽ നിർമ്മിച്ച രാജ്യം സൂചിപ്പിക്കാതെ വിൽപ്പനക്കാരന്റെ പേരോ, വിലാസമോ മാത്രം ഉൾപ്പെടുത്താൻ പാടില്ലെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഉൽപ്പന്നങ്ങൾ നിർമ്മിച്ച രാജ്യത്തെയോ സ്ഥാപനത്തെയോ സൂചിപ്പിക്കുന്ന വിവരണം വ്യക്തമായ അക്ഷരങ്ങളിൽ എഴുതിയിരിക്കണം. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ നിർദ്ദേശം. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നത്, ഇറക്കുമതി ചെയ്ത സാധനങ്ങൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ തടയാൻ സഹായിക്കും. വിൽപ്പനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിനുള്ളിലെ വാണിജ്യ ഇടപാടുകളുടെ സമഗ്രത ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.


