അർജന്റീന-ചിലി സാംസ്കാരിക വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം
ദോഹ: ഖത്തറിന്റെ ദേശീയ മ്യൂസിയത്തിൽ ലാറ്റിനമേരിക്കയുടെ ആധുനികവും സമകാലികവുമായ കലകളെ പരിചയപ്പെടുത്തുകയാണ് ‘ലാറ്റിനോമെരിക്കാനോ’. ഖത്തർ നാഷനൽ മ്യൂസിയത്തിൽ പ്രദർശനം തുടരുന്ന ‘ലാറ്റിനോമെരിക്കാനോ' എക്സിബിഷന് സ്വദേശികളും വിദേശികളുമടക്കം സന്ദർശകരായെത്തുന്നത് നിരവധി പേരാണ്. മ്യൂസിയോ ഡി ആർട്ടെ ലാറ്റിനോമെറിക്കാനോ ഡി ബ്യൂണസ് അയേഴ്സുമായി(മാൽബ) സഹകരിച്ചാണ് പ്രദർശനം. മാൽബയിൽ നിന്നും എഡ്വാർഡോ കോസ്റ്റാന്റിനിയിൽ നിന്നുമുള്ള കലാ ശേഖരങ്ങളാണ് പ്രദർശനത്തിലുൾപ്പെടുത്തിയിരിക്കുന്നത്.
സൗഹൃദ രാജ്യങ്ങളുമായി സാംസ്കാരിക വർഷങ്ങൾ ആഘോഷമാക്കുന്ന ഖത്തറുമായി ഇത്തവണ കൈകോർത്തത് തെക്കനമേരിക്കൻ രാജ്യങ്ങളായ അർജന്റീനയും ചിലിയുമാണ്. ഈ വർഷം ഖത്തർ അർജന്റീന-ചിലി സാംസ്കാരിക വർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം. ഖത്തറും ലാറ്റിനമേരിക്കയും തമ്മിലുള്ള സജീവമായ സാംസ്കാരിക കൈമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് ‘ലാറ്റിനോമെരിക്കാനോ’.
അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, ക്യൂബ, മെക്സികോ, പരഗ്വേ, ഉറുഗ്വായ്, വെനിസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം കലാകാരന്മാരുടെ 170ലധികം സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. വിഖ്യാത ആർട്ടിസ്റ്റുകളായ ഫ്രിഡ കൊയ്ലോ, ഡീഗോ റിവേറ, ഫെർണാണ്ടോ ബൊട്ടേറ, വിഫ്രെഡോ ലാം തുടങ്ങിയവരുടെ മാസ്റ്റർപീസ് സൃഷ്ടികൾ പ്രദർശനത്തിനുണ്ട്.
20ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്നുവരെയുള്ള ലാറ്റിനമേരിക്കൻ ദൃശ്യ സംസ്കാരത്തിന്റെ വിപുലമായ അവതരണമാണ് ‘ലാറ്റിനോമെരിക്കാനോ’. കലയിലൂടെ തെക്കൻ അമേരിക്കയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളെ കലാകാരന്മാർ എങ്ങനെ പ്രതിഫലിപ്പിക്കുകയും വെല്ലുവിളിക്കുകയും പുനഃർരൂപകൽപ്പന ചെയ്തുവെന്നും കണ്ടെത്താൻ പ്രദർശനം സന്ദർശകർക്ക് അവസരം ഒരുക്കുന്നു.
ഖത്തർ മ്യൂസിയത്തിലെ അന്താരാഷ്ട്ര പ്രദർശനങ്ങളുടെ ക്യൂറേറ്ററും മേധാവിയുമായ ഇസ്സ അൽ ഷിറാവി, മാൽബയിലെ ചീഫ് ക്യൂറേറ്റർ മരിയ അമാലിയ ഗാർസിയ എന്നിവർ സംവിധാനം ചെയ്ത പ്രദർശനത്തിൽ നഗരവത്കരണം, അസ്തിത്വം, ഓർമ, പ്രതിരോധം തുടങ്ങി ആറ് പ്രമേയങ്ങളാണുള്ളത്. ഏപ്രിൽ 21ന് ആരംഭിച്ച പ്രദർശനം ജൂലൈ 19 വരെ തുടരും. ഖത്തർ പൗരന്മാർക്കും താമസക്കാർക്കും പ്രവേശനം സൗജന്യമാണ്.
മൊറോക്കോ, ഇന്തോനേഷ്യ, മിഡിൽഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ തുടങ്ങിയ വിവിധ രാജ്യങ്ങളുമായി ചേർന്ന് മുൻ വർഷങ്ങളിൽ നടന്ന ആഘോഷങ്ങളുടെ തുടർച്ചയായാണ് 2025ൽ ഖത്തർ-അർജന്റീന-ചിലി സാംസ്കാരിക വർഷത്തിന് കൊടിയേറിയത്.