വംശനാശഭീഷണി നേരിടുന്ന മലയാടിനെ വേട്ടയാടിയതിന് സൗദി പൗരനെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയെത്തുടർന്നാണ് അറസ്റ്റ്. 

റിയാദ്: വംശനാശഭീഷണി നേരിടുന്ന മലയാടിനെ വേട്ടയാടിയ സ്വദേശി പൗരനെ സൗദി പരിസ്ഥിതി സുരക്ഷാ പ്രത്യേക സേന പിടികൂടി. അമീർ മുഹമ്മദ് സൽമാൻ റോയൽ റിസർവിൽ നിന്നാണ് കാട്ടയാടിനെ വേട്ടയാടിയ മിസ്ഫർ അൽ ഹുവൈതി എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. വേട്ടയാടലെന്ന കുറ്റകൃത്യം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സുരക്ഷാസേന നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.

അൽ ഹുവൈതി മൂന്ന് തോക്കുകൾ കൈവശം വച്ചതായി കണ്ടെത്തിയതായി സേന വിശദീകരിച്ചു. പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അനന്തര നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ശിക്ഷാനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

വന്യജീവികളെ വേട്ടയാടുന്നത് നിരോധിക്കുന്ന പരിസ്ഥിതി നിയമവും നിർവഹണ ചട്ടങ്ങളും പാലിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ വകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു. വേട്ടയാടലിൽ തോക്കുകൾ ഉപയോഗിക്കുന്നതിനുള്ള പിഴ 80,000 റിയാലും കാട്ടാടുകളെ വേട്ടയാടുന്നതിനുള്ള പിഴ 60,000 റിയാലും ലൈസൻസില്ലാതെ വേട്ടയാടുന്നതിനുള്ള പിഴ 10,000 റിയാലുമാണെന്നും അധികൃതർ വ്യക്തമാക്കി.