കുട്ടി ശ്വാസം മുട്ടി മരിച്ചതാണെന്നും വിപഞ്ചിക ജീവനൊടുക്കിയതാണെന്നുമായിരുന്നു കേസിൽ ഫോറൻസിക് വിഭാഗം കണ്ടെത്തൽ
ഷാർജ: ഷാർജയിൽ മലയാളി യുവതി വിപഞ്ചിക മണിയന്റെയും ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയേയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വിപഞ്ചികയുടെ ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കേരള ക്രൈംബ്രാഞ്ച് പൊലീസാണ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ യുഎഇയിലാണ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹൻ. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. ജൂലൈ 8നായിരുന്നു 33കാരിയായ വിപഞ്ചികയേയും മകൾ വൈഭവിയേയും ഷാർജയിലെ അൽ നാഹ്ദയിലെ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ശ്വാസം മുട്ടി മരിച്ചതാണെന്നും വിപഞ്ചിക ജീവനൊടുക്കിയതാണെന്നുമായിരുന്നു കേസിൽ ഫോറൻസിക് വിഭാഗം കണ്ടെത്തൽ. അകത്ത് നിന്ന് പൂട്ടിയ നിലയിലുണ്ടായിരുന്ന ഫ്ലാറ്റിൽ നിന്ന് ജോലിക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്.
ഇവർ നൽകിയ വിവരം അനുസരിച്ച് നിതീഷ് എത്തിയാണ് ഫ്ലാറ്റ് തുറന്നത്. വൈഭവിയുടെ മൃതദേഹം നിതീഷിന്റെയും കുടുംബത്തിന്റെയും നിർബന്ധത്തേ തുടർന്ന് ദുബായിൽ തന്നെയാണ് സംസ്കരിച്ചത്. അതേസമയം വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിക്കുകയായിരുന്നു. വിപഞ്ചികയുടെ ഭർത്താവും ഭർതൃസഹോദരിയും കുടുംബാംഗങ്ങൾക്കുമെതിരെയാണ് കേസ് നടക്കുന്നത്.
ദീർഘകാലമായി സ്ത്രീധനത്തിന്റെ പേരിലും ശാരീരിക മാനസിക രീതിയിലുള്ള ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസ് എടുത്തിട്ടുള്ളത്. ഗർഭിണിയായിരുന്നപ്പോൾ പോലും ശാരീരിക ഉപദ്രവങ്ങൾ നേരിട്ടിരുന്നുവെന്ന് ആറുപേജുള്ള ആത്മഹത്യാ കുറിപ്പിൽ വിപഞ്ചിക വിശദമാക്കിയത്. വിപഞ്ചികയുടെ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസ് അന്വേഷണം വിപുലീകരിക്കാനാണ് കേരള പൊലീസിന്റെ നീക്കം.


