Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫ്രണ്ട് നിരോധനം; മുസ്‍ലിം ലീഗിൽ രണ്ടാഭിപ്രായമില്ലെന്ന് എം കെ മുനീർ

തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്ലിം ലീഗിന് വേണ്ടെന്നത് ശക്തമായ നിലപാടാണ്. എന്നാൽ പോപ്പുലർ ഫ്രണ്ടിൽപെട്ടുപോയ സാധാരണക്കാരായ ആളുകളുണ്ട്. അവരെ ആ ചിന്താഗതിയിൽനിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ട്.

M K muneer about Popular Front of India ban
Author
First Published Oct 6, 2022, 8:10 AM IST

റിയാദ്: പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ മുസ്‍ലിം ലീഗിൽ രണ്ടഭിപ്രായമില്ലെന്ന് എം കെ മുനീർ എം.എൽ.എ. സംസ്ഥാന പ്രസിഡൻറ് ആ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നത് വേറെ കാര്യം. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകളെല്ലാം മറ്റൊരു പേരിൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആശയത്തെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്. 

തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്ലിം ലീഗിന് വേണ്ടെന്നത് ശക്തമായ നിലപാടാണ്. എന്നാൽ പോപ്പുലർ ഫ്രണ്ടിൽപെട്ടുപോയ സാധാരണക്കാരായ ആളുകളുണ്ട്. അവരെ ആ ചിന്താഗതിയിൽനിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു. 

Read More: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ അക്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നു

പാർട്ടിയിൽ ഇരട്ട മെമ്പർഷിപ് അനുവദിക്കില്ല. അത് നേരത്തെ ഉള്ള തീരുമാനമാണ്. മുസ്ലിം ലീഗ് പ്രവർത്തകന് മറ്റൊരു സംഘടനയിൽ അംഗമാകാൻ കഴിയില്ല. പകലും രാത്രിയും അയാൾ മുസ്ലിം ലീഗുകാരൻ തന്നെയായിരിക്കും. ഒരേസമയം രണ്ട് വഞ്ചിയിൽ കാലൂന്നി സഞ്ചരിക്കാനാവില്ല. അതുകൊണ്ട് തന്നെ നിലവിലുള്ള മുന്നണിയിൽ ലീഗ് യാത്ര തുടരും. യു.ഡി.എഫിൽ ഞങ്ങൾ സംതൃപ്തരാണ്. എൽ.ഡി.എഫിൽ പോകുമെന്നത് നടക്കാത്ത സ്വപ്നം മാത്രമാണ്. ഒന്നാം പിണറായി സർക്കാർ തന്നെ മഹാമോശമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണം. രണ്ടാം പിണറായി സർക്കാർ അതിലും മോശമാണെന്ന് മാത്രമല്ല, നിഷ്‌ക്രിയവുമാണ്. പിണറായിയെ അല്ലാതെ മറ്റൊരു മന്ത്രിയെ ആർക്കെങ്കിലും അറിയുമോ? ആരുടെയെങ്കിലും സ്വരം കേൾക്കുന്നുണ്ടോ? ശൈലജ ടീച്ചർക്ക് മാഗ്സസെ അവാർഡ് തടഞ്ഞത് പിണറായിയാണ്. തന്നെക്കാൾ പേരുയരാതിരിക്കാൻ.

Read More: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിൽ ഭിന്നനിലപാട്: നേതാക്കൾക്ക് താക്കീതുമായി പാണക്കാട് സാദിഖലി തങ്ങൾ

സ്വർണ കള്ളക്കടത്തു വിഷയം തേഞ്ഞു മാഞ്ഞുപോകില്ല. നിയമവഴികളിൽ പോരാട്ടം തുടരും. എന്നാൽ ബി.ജെ.പി-സി.പി.എം പലപ്പോഴും ഭായി ഭായി ആണ് എന്നത് മറക്കരുത്. പക്ഷേ ഞങ്ങൾ പ്രതിപക്ഷം അത് അനുവദിക്കില്ല. ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒരുമിപ്പിക്കും. രാഹുലിനെ രാജ്യത്തെ മാധ്യമങ്ങൾ മുതൽ സി.പി.എം അടക്കമുള്ള പാർട്ടികൾ വരെ ഒറ്റപ്പെടുത്തി അവഹേളിക്കാനും അവഗണിക്കാനും ശ്രമിച്ചതാണ്. എന്നിട്ടും നിശ്ചയദാർഢ്യത്തോടെ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നു. അതിന്റെ ഫലം കാണുക തന്നെ ചെയ്യും. ഭൂമിശാസ്‌ത്രപരമായ കിടപ്പ് കാരണമാണ് കേരളത്തിൽ കൂടുതൽ ദിവസം യാത്ര നടന്നത്. എന്നാൽ സി.പി.എം അതിൽ വെറളിപൂണ്ട് അദ്ദേഹം ഭക്ഷണം കഴിക്കുന്നതുവരെ ട്രോൾ ആക്കി മാറ്റി.

 
 

Follow Us:
Download App:
  • android
  • ios