കാലിത്തീറ്റ എന്നെഴുതിയ ചാക്കുകൾ പരിശോധിച്ചപ്പോഴാണ് ലഹരി ഗുളികകളും കഞ്ചാവും കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: ഇറാനിൽ നിന്ന് കാലിത്തീറ്റ എന്ന വ്യാജേന ചരക്ക് കപ്പലിൽ എത്തിയ വൻ മയക്കുമരുന്ന് ശേഖരം ദോഹ പോർട്ട് അധികാരികൾ വിജയകരമായി പിടികൂടി. കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ വകുപ്പുമായി ഏകോപിപ്പിച്ച് ട്രാക്കിംഗ് യൂണിറ്റിന്‍റെ പിന്തുണയോടെ നോർത്തേൺ പോർട്ട്‌സിലെയും ഫൈലക ദ്വീപിലെയും കസ്റ്റംസ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് പോർട്ടിലെത്തിയ ചരക്കുകപ്പലിൽ നിന്ന് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

കാലിത്തീറ്റ എന്നെഴുതിയ ചാക്കുകൾ പരിശോധിച്ചപ്പോൾ ഏകദേശം 4,550 സംശയാസ്പദമായ സൈക്കോട്രോപിക് ഗുളികകളും ഏകദേശം 5.2 കിലോഗ്രാം കഞ്ചാവും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവ രണ്ടും ചരക്കിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ കണ്ടുകെട്ടി. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. കൂടുതൽ നിയമനടപടികൾക്കായി വിഷയം ഇപ്പോൾ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയാണ്. നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിനുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധത ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഒരു പ്രസ്താവനയിൽ ആവർത്തിച്ചു. നിയമവിരുദ്ധ വ്യാപാരത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.