സൗദി അറേബ്യയിലെ അല്‍ നസീം അല്‍ ജദീദ കമ്പനിയുടെ പെട്രോള്‍ പമ്പ് ഉടമയായ സല്‍മാന്‍ ബിന്‍ ആമിര്‍ ബിന്‍ റാശിദ് അല്‍ സ്വാദിഇക്ക് ഇന്ധനത്തില്‍ മായം ചേര്‍ത്തതിന് ജയില്‍ ശിക്ഷ.

റിയാദ്: സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ മായം കലര്‍ത്തിയ ഇന്ധനം വിതരണം ചെയ്‍തയാളിന് ശിക്ഷ വിധിച്ചു. പമ്പ് ഉടമയായ സ്വദേശിക്ക് പിഴ ശിക്ഷയാണ് മക്ക ക്രിമിനല്‍ കോടതി നല്‍കിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഒപ്പം സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടാനും ഉത്തരവില്‍ പറയുന്നു.

അല്‍ നസീം അല്‍ ജദീദ കമ്പനിയുടെ പെട്രോള്‍ പമ്പ് ഉടമയായ സല്‍മാന്‍ ബിന്‍ ആമിര്‍ ബിന്‍ റാശിദ് അല്‍ സ്വാദിഇ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. പെട്രോള്‍ പമ്പിന്റെയും ഉടമയുടെയും പേരും വിവരങ്ങളും അവര്‍ ചെയ്‍ത നിയമലംഘനങ്ങളും വിശദീകരിച്ച് ഇയാളുടെ തന്നെ ചെലവില്‍ രണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കണം. മായം കലര്‍ത്തിയ ഇന്ധനം അടിച്ച് തകരാറിലായ വാഹനങ്ങള്‍ നന്നാക്കുന്നതിനുള്ള ചെലവും സ്ഥാപനം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.