നാല് മാസത്തിന് ശേഷം ഖത്തറിൽ വീണ്ടും ഉൽക്കാശില കണ്ടെത്തി. 'ടെക്റ്റൈറ്റ്' വിഭാഗത്തിൽപ്പെട്ട കോസ്മിക് ഗ്ലാസ് എന്നറിയപ്പെടുന്ന ഉൽക്കാഭാഗമാണിത്. വിശദമായ പരിശോധനകൾക്ക് ശേഷം ഇത് ഇരുമ്പിന്‍റെ അംശമുള്ള അയൺ മെറ്റിയോറൈറ്റ് ഉൽക്കാഭാഗമാണെന്ന് സ്ഥിരീകരിച്ചു.

ദോഹ: ഖത്തറിലെ അൽ ഖോർ മേഖലയിൽ നിന്ന് രണ്ടാമതൊരു ഉൽക്കാഭാഗം കൂടി കണ്ടെത്തി. ഖത്തർ അസ്ട്രോണമിക്കൽ സെന്‍റർ മേധാവി ശൈഖ് സൽമാൻ ബിൻ ജബർ അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്. 2025 സെപ്തംബറിൽ ആദ്യത്തെ ഉൽക്കാഭാഗം കണ്ടെത്തി നാല് മാസത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ. പുതിയതായി കണ്ടെത്തിയ ഉൽക്കാഭാഗത്തിന്‍റെ ചിത്രം ശൈഖ് സൽമാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

'ടെക്റ്റൈറ്റ്' വിഭാഗത്തിൽപ്പെട്ട കോസ്മിക് ഗ്ലാസ് എന്നറിയപ്പെടുന്ന ഉൽക്കാഭാഗമാണിത്. വിശദമായ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഇത് ഇരുമ്പിന്‍റെ അംശമുള്ള അയൺ മെറ്റിയോറൈറ്റ് ഉൽക്കാശിലയാണെന്ന് സ്ഥിരീകരിച്ചു. ആദ്യത്തെ ഉൽക്കാഭാഗം കണ്ടെത്തിയ പാതയിലൂടെ ഡ്രോണുകൾ ഉപയോഗിച്ചും കാൽനടയായും നടത്തിയ തെരച്ചിലിനൊടുവിലാണ് രണ്ടാമത്തെ ഭാഗം കണ്ടെത്തിയത്. ഏകദേശം 10 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒരു പാതയിലൂടെയാണ് ഈ ഉൽക്കാശിലകൾ ഭൂമിയിൽ പതിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

രാജ്യത്തെയും മേഖലയിലെയും ജ്യോതിശാസ്ത്ര ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഇത്രയും വലിപ്പമുള്ള ഉൽക്കാഭാഗം ലഭിക്കുന്നത് വലിയ ഗുണകരമാകുമെന്ന് ശൈഖ് സൽമാൻ വ്യക്തമാക്കി. ഖത്തറിലെ മരുഭൂമികളിൽ ഉൽക്കാശിലകൾക്കായുള്ള തെരച്ചിൽ ശാസ്ത്രലോകത്ത് വലിയ താല്പര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.