കനത്ത ചൂടില്‍ തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് നിര്‍ദ്ദേശം.
റിയാദ്: കടുത്ത ചൂടും തിരക്കും കാരണം മക്കയിലും മദീനയിലും ജുമുഅ ഖുതുബയും നമസ്കാര സമയവും ചുരുക്കാൻ നിർദേശം. കടുത്ത ചൂടിൽ തീർഥാടകരുടെ സാഹചര്യങ്ങൾ കണക്കിലെടുത്തും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളിയാഴ്ച ഖുതുബയുടെയും നമസ്കാരത്തിെൻറയും സമയം ചുരുക്കാൻ ഇരുഹറം മതകാര്യ വകുപ്പ് പ്രസിഡൻറ് ഡോ. അബ്ദുറഹ്ഹ്മാൻ അൽസുദൈസാണ് നിർദേശം നൽകിയത്.
എല്ലാ നമസ്കാരത്തിലും ബാങ്കിനും ഇഖാമത്തിനുമിടയിലെ ഇടവേള അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ആയിരിക്കും. ഖുതുബയും ജുമുഅ നമസ്കാരവും 15 മിനിറ്റിൽ കൂടരുത്. ഹജ്ജ് സീസണിൽ അനുഭവപ്പെടുന്ന ഉയർന്ന താപനിലയും തീർഥാടകരുടെ തിരക്കും കാരണം ഇരുഹറമിലും ഉണ്ടായ കനത്ത തിരക്കാണ് ഈ നിർദേശത്തിന് കാരണമായത്. സൂര്യതാപം, ചൂട്, ക്ഷീണം എന്നിവയിൽനിന്ന് തീർഥാടകരെ തടയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രാധാന്യവും ഇത് പ്രതിഫലിപ്പിക്കുന്നു. ഈ കാലയളവിൽ ബുദ്ധിമുട്ടുകൾ ലഘൂകരിക്കേണ്ടതിെൻറയും പ്രയാസങ്ങൾ തടയേണ്ടതിെൻറയും തീർഥാടകർക്കും സന്ദർശകർക്കും യാത്ര സുഗമമാക്കേണ്ടതിെൻറയും ആവശ്യകതയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ഡോ. സുദൈസ് പറഞ്ഞു.


