സൗദിയിൽ നിന്ന് ഫിലിപ്പൈന്‍സിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു. കമ്പനി ആവശ്യാര്‍ഥം ജീവനക്കാരെ റിക്രൂട്മെന്‍റ് ചെയ്യുന്നതിനായി ഫിലിപ്പൈന്‍സിലെ മനിലയിൽ എത്തിയ മുഹമ്മദ് സിറാജിനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ 46 വർഷമായി പ്രവാസിയായ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അരിഫിൻ മനസിലിൽ മുഹമ്മദ് സിറാജ് (70) ഫിലിപ്പൈന്‍സില്‍ നിര്യാതനായി. ദമ്മാം ബിന്‍ ഖുറയ്യ കമ്പനിയിൽ മുൻ ഹ്യൂമൻ റിസോഴ്‌സസ് മാനേജരും നിലവിൽ കമ്പനിയുടെ സീനിയർ കൺസൾട്ടന്‍റുമാണ്. കമ്പനി ആവശ്യാര്‍ഥം ജീവനക്കാരെ റിക്രൂട്മെന്‍റ് ചെയ്യുന്നതിനായി ഫിലിപ്പൈന്‍സിലെ മനിലയിൽ എത്തിയ മുഹമ്മദ് സിറാജിനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂർഛിച്ചതോടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം. ദമ്മാം റാക്കയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

മുഹമ്മദ് സാലി, സഫിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ, മക്കൾ: അൻവിൻ, അദ്‌നാൻ, നജ്‌ല, മരുമക്കൾ: ഡോ. റിൻസി, ഡോ. ആമിന, അർഷാദ്. ഇദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞ് ഭാര്യയും മക്കളും ഫിലിപ്പിൻസിലെത്തിയിട്ടുണ്ട്. ഖബറടക്കം നാട്ടില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ധാരാളം സുഹൃദ് വലയമുള്ള മുഹമ്മദ് സിറാജിന്റെ വിയോഗം കമ്പനിയിലെ സഹപ്രവർത്തകരേയും പരിചിതരേയും ദുഃഖത്തിലാഴ്ത്തി.