Asianet News MalayalamAsianet News Malayalam

പനി ബാധിച്ച് അവശനിലയിൽ നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു

15 ദിവസം മുമ്പ് പനി ബാധിക്കുകയായിരുന്നു. തുടർന്ന് റിയാദിലെ വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടി. എന്നാൽ അസുഖം എന്താണെന്ന് കണ്ടുപിടിക്കപ്പെട്ടില്ല. തീർത്തും അവശനായപ്പോൾ സഹപ്രവർത്തകർ ആംബുലൻസിൽ റിയാദ് ശുമൈസി ആശുപത്രിയിൽ എത്തിച്ചു. അവിടെ കിടത്തി ചികിത്സ നൽകിയശേഷം ഒരുവിധം ഭേദമായപ്പോൾ താമസ സ്ഥലത്തേക്ക് തിരിച്ചെത്തിച്ചു. 

Malayali expat who was under treatment in Kottayam Medical college due to severe illness died
Author
First Published Nov 1, 2022, 9:47 PM IST

റിയാദ്: പനി ബാധിച്ച് അവശനിലയിൽ റിയാദിൽ കഴിയുന്നതിനിടെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രവാസി മലയാളി മരിച്ചു. റിയാദ് ഗവർണർ ഓഫീസിലെ മെയിന്റനൻസ് ഡിവിഷനിൽ പമ്പ് ഓപറേറ്ററായി ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ മണപ്പള്ളി തെക്ക് സ്വദേശി ജയപ്രകാശ് (60) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. 

അൽനെസ്മ കരാർ കമ്പനിയുടെ കീഴിൽ കഴിഞ്ഞ 20 വർഷമായി ഗവർണർ ഓഫീസിലെ മെയിന്റനൻസ് ഡിവിഷനിൽ ജോലി ചെയ്യുകയായിരുന്നു. 15 ദിവസം മുമ്പ് പനി ബാധിക്കുകയായിരുന്നു. തുടർന്ന് റിയാദിലെ വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടി. എന്നാൽ അസുഖം എന്താണെന്ന് കണ്ടുപിടിക്കപ്പെട്ടില്ല. തീർത്തും അവശനായപ്പോൾ സഹപ്രവർത്തകർ ആംബുലൻസിൽ റിയാദ് ശുമൈസി ആശുപത്രിയിൽ എത്തിച്ചു. അവിടെ കിടത്തി ചികിത്സ നൽകിയശേഷം ഒരുവിധം ഭേദമായപ്പോൾ താമസ സ്ഥലത്തേക്ക് തിരിച്ചെത്തിച്ചു. എന്നാൽ പിന്നീടും ആരോഗ്യസ്ഥിതി വഷളാവുകയും നടക്കാനോ ഇരിക്കാനോ കഴിയാതെ അവശ നിലയിലാവുകയും ചെയ്തു.

ഇതറിഞ്ഞ് നാട്ടിൽനിന്ന് ജയപ്രകാശിന്റെറ മകൾ ജ്യോതിയും നാട്ടുകാരും സാമൂഹികപ്രവർത്തകരുമായ ഇസ്മാഈൽ വാലേത്ത്, മുരളി മണപ്പള്ളി എന്നിവരും വിളിച്ച് സഹായം തേടിയതിനെ തുടർന്ന് റിയാദിലെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒക്ടോബർ 21ന് സൗദി എയർലൈൻസ് വിമാനത്തിൽ വീൽച്ചെയർ പേഷ്യന്റായി നാട്ടിലേക്ക് കൊണ്ടുപോയി. കൂടെ പോകാൻ ആരുമില്ലാത്തതിനാൽ ശിഹാബ് കൊട്ടുകാട് തന്നെ ഒപ്പം പോയി. 

വിമാനത്തിനുള്ളിൽ വെച്ച് അസുഖം മൂർച്ഛിക്കുകയും ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. വിമാന ജീവനക്കാർ ഉടൻ ഓക്സിജൻ ഉൾപ്പെടെയുള്ള അടിയന്തിര ശുശ്രൂഷ നൽകി. നിലത്ത് പ്രത്യേക കിടക്ക ഒരുക്കി കിടത്തി പരിചരണം നൽകുകയും ചെയ്തു. സമാനതകളില്ലാത്ത പരിചരണവും ശ്രദ്ധയുമാണ് വിമാന ജീവനക്കാരിൽ നിന്നുണ്ടായതെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. യാത്രക്കാരും പരിചരണവും ആശ്വാസവും നൽകാൻ ഒരുമിച്ചുകൂടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ നാട്ടുകാരനായ അമിതാഭ് പിള്ള ആംബുലൻസുമായെത്തി കൊച്ചയിലെ അമൃത ആശുപത്രിയിലും പിന്നീട് ആസ്റ്റർ ആശുപത്രിയിലും എത്തിച്ചു. അവിടങ്ങളിലെ പരിശോധനയിലും രോഗം എന്താണെന്ന് കണ്ടെത്താനായില്ല. രക്തത്തിൽ അണുബാധയുണ്ടായതാണ് രോഗകാരണമെന്നാണ് നിഗമനത്തിലെത്തിയത്. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച പുലർച്ചെ അന്ത്യം സംഭവിക്കുന്നത്.

ജയകുമാരിയാണ് മരിച്ച ജയപ്രകാശിന്റെ ഭാര്യ. മക്കളായ ജ്യോതിയും ചിത്തിരയും വിവാഹിതരാണ്. റിയാദിൽ ജയപ്രകാശിനെ ആശുപത്രിയിൽ കൊണ്ടുപോകാനും പരിചരിക്കാനും ഒപ്പമുണ്ടായിരുന്നത് സഹപ്രവർത്തകരായ യു.പി സ്വദേശി അലിയും തമിഴ്നാട് സ്വദേശി ശിവയുമാണ്. 

Read also:  പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Latest Videos
Follow Us:
Download App:
  • android
  • ios