ആറ് മലയാളികള്‍ ജൂണ്‍ മൂന്നിനാണ് ഖത്തര്‍ പോലീസിന്റെ പിടിയിലായത്. ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. 

തിരുവനന്തപുരം: ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തര്‍ പൊലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേര്‍ ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍(36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് വൈകുന്നേരം 5.40നുള്ള വിമാനത്തില്‍ തിരുവന്തപുരത്തെത്തുന്നത്.

ഇവര്‍ ഉള്‍പ്പെടെ ആറ് മലയാളികള്‍ ജൂണ്‍ മൂന്നിനാണ് ഖത്തര്‍ പോലീസിന്റെ പിടിയിലായത്. ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 19നാണ് ഇവര്‍ ഇറാനില്‍ എത്തിയത്. ഇവരുടെ മോചനത്തിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നുവെന്ന് നോര്‍ക്ക അറിയിച്ചു.

വ്യാഴാഴ്‍ച രാവിലെ മൂന്നു മണിക്ക് ഖത്തറില്‍ നിന്നും മുംബൈയിലെത്തിയ ഇവരെ നോര്‍ക്ക ഡവലപ്‌മെന്റ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതത്വത്തില്‍ സ്വീകരിച്ച് കേരള ഹൗസില്‍ താമസിപ്പിച്ചിക്കുകയാണ്. കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് അടക്കം ലഭ്യമാക്കിക്കൊണ്ടാണ് ഉച്ചക്ക് 3.30ന് തിരിക്കുന്ന വിമാനത്തില്‍ യാത്രയാക്കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു.

സംഘത്തില്‍പ്പെട്ട രതീഷ്, സെല്‍വം എന്നിവര്‍ ആര്‍.ടി.പി.സി.ആര്‍ പൂര്‍ത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവശേഷിക്കുന്ന ഒരാളായ ബേസിലിന് കൊവിഡ് ബാധിതനായതിനാല്‍ ഖത്തറില്‍ ക്വാറന്റീനിലാണ്. വൈകാതെ ഇയാളും നാട്ടിലെത്തും. ഇവര്‍ മൂവരും പൂന്തുറ സ്വദേശികളാണ്.

Read more: യുഎഇയില്‍ സമയത്ത് ശമ്പളം നല്‍കണം; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍, ഇല്ലെങ്കില്‍ കര്‍ശന നടപടി

കനത്ത മഴയില്‍ ഫുജൈറയില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്
ഫുജൈറ: ബുധനാഴ്‍ച പെയ്‍ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം രംഗത്തിറങ്ങി. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ജനങ്ങളുടെ താമസ സ്ഥലങ്ങളില്‍ വെള്ളം കയറി.

ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി. 

ഫുജൈറ അധികൃതരുമായി ചേര്‍ന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്‍ച ട്വീറ്റ് ചെയ്‍തു. കനത്ത മഴയില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത വെള്ളപ്പൊക്കമാണ് ഉണ്ടായത്. ചില വീടുകള്‍ തകര്‍ന്നതായും വാഹനങ്ങള്‍ ഒലിച്ചുപോയതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

താമസ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആളുകളെ സൈനികര്‍ എത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്‍ത കനത്ത മഴ കാരണമായി ഉണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം എന്നിവയുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

Read also: ഒമാനില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു