ഹജ്ജ് തീർഥാടനത്തിനെത്തിയ മലയാളി മക്കയിൽ മരിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഹജ്ജ് മിഷൻ ക്ലിനിക്ക് മുഖേന മക്കയിലെ എസ്.എൻ.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റിയാദ്: മൂന്ന് മാസമായി ചികിത്സയിലായിരുന്ന മലയാളി തീർഥാടക മക്കയിൽ മരിച്ചു. കോഴിക്കോട് ഫറോക്ക് നല്ലളം സുന്ദരംപള്ളി സ്വദേശിനി റംലത്ത് (65) ആണ് മരിച്ചത്. ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം അസുഖബാധിതയാവുകയായിരുന്നു. മഹ്‌റം (ആൺതുണ) ഇല്ലാതെയാണ് ഇവർ ഹജ്ജിനെത്തിയത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഹജ്ജ് മിഷൻ ക്ലിനിക്ക് മുഖേന മക്കയിലെ എസ്.എൻ.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
തുടർചികിത്സയ്ക്കായി ഇവരെ നാട്ടിലെത്തിക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകർ നിരന്തര ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ജിൻസ, ജസ്ലീന എന്നിവർ മക്കളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


