ഒരു മാസം മുമ്പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്. വന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ, മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ മാനസിക സമ്മര്‍ദത്തിലായ അവര്‍, മാനസിക രോഗലക്ഷണങ്ങള്‍ കാണിയ്ക്കാന്‍ തുടങ്ങി.

റിയാദ്: മാനസിക രോഗലക്ഷണങ്ങളുമായി തെരുവില്‍ ലക്ഷ്യമില്ലാതെ നടന്ന മഹാരാഷ്ട്രക്കാരിയായ വീട്ടുജോലിക്കാരിക്ക് മലയാളി സാമൂഹികപ്രവര്‍ത്തകര്‍ തുണയായി. മഹാരാഷ്ട്ര മുംബൈ അന്ദേരി വെസ്റ്റ് സ്വദേശിനിയായ ജ്യോതി രാജേന്ദ്ര ഹര്‍ണല്‍ ആണ് ദമ്മാിലെ നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.

ഒരു മാസം മുമ്പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്. വന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ, മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ മാനസിക സമ്മര്‍ദത്തിലായ അവര്‍, മാനസിക രോഗലക്ഷണങ്ങള്‍ കാണിയ്ക്കാന്‍ തുടങ്ങി. പിന്നീട് ആ വീട്ടില്‍നിന്നും പുറത്തുചാടിയ അവര്‍ തെരുവിലൂടെ അലഞ്ഞു. ഇതുകണ്ട സൗദി പൊലീസ് അവരെ ദമ്മാം വനിത അഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി. വനിത അഭയകേന്ദ്രത്തില്‍ വെച്ചും ജ്യോതി എത്രയും വേഗം നാട്ടില്‍ പോകണമെന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തു. വിഷമസന്ധിയിലായ സൗദി അധികാരികള്‍ അറിയച്ചതിനെ തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ മണിക്കുട്ടനും കുടുംബവേദി ഭാരവാഹികളായ ശരണ്യ ഷിബു, അനീഷ കലാം, സുറുമി നസീം, ഷെമി ഷിബു എന്നിവരും അവിടെയെത്തി ജ്യോതിയോട് സംസാരിക്കുകയും നാട്ടിലേയ്ക്ക് പോകാന്‍ സഹായിക്കാം എന്ന് പറഞ്ഞു അവരെ ശാന്തയാക്കുകയും ചെയ്തു. അവര്‍ പരസപരവിരുദ്ധമായി സംസാരിച്ചതിനാല്‍ സൗദി തൊഴിലുടമയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞില്ല.

ഈദ് അവധി കഴിഞ്ഞു സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നാല്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്നും അതുവരെ ഏതെങ്കിലും ഒരു കുടുംബത്തിന്റെ കൂടെ നിര്‍ത്തിയാല്‍ അവരുടെ മാനസികനില സാധാരണനിലയില്‍ ആകുമെന്നും സൗദി ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജ്യോതിയെ കുടുംബവേദി ഭാരവാഹികള്‍ കൂട്ടിക്കൊണ്ടുപോയി മണിക്കുട്ടന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. അത് അവരുടെ മാനസിക നിലയില്‍ ഏറെ പുരോഗതിയും ഉണ്ടാക്കി. ഈദ് അവധി കഴിഞ്ഞ ഉടനെ വനിത അഭയകേന്ദ്രം അധികാരികള്‍ ജ്യോതിയുടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി. നവയുഗം കുടുംബവേദി ജ്യോതിയ്ക്ക് വിമാനടിക്കറ്റും എടുത്തു നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, ദമ്മാം വിമാനത്താവളം വഴി ജ്യോതി മുംബൈയിലേക്ക് മടങ്ങി.