പ്ലസ് വൺ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി. മലപ്പുറം സ്വദേശിയായ ഹനീന്‍റെ മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ ഖബറടക്കി.

റിയാദ്: പ്ലസ് വൺ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി ഹനീൻ അബ്ദുസമദിന്‍റെ (15) മൃതദേഹം റിയാദിൽ ഖബറടക്കി. ബുധനാഴ്ച വൈകീട്ട് എക്സിറ്റ് 15-ലെ അൽരാജ്ഹി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ഖബറടക്കം നടന്നത്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

റിയാദ് സുലൈമാനിയ്യയിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്ന ഹനീൻ, ചൊവ്വാഴ്ച വൈകിട്ടോടെയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി സെക്ഷൻ ഓഫീസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്‌മാന്‍റെയും റിയാദിലെ അമീറ നൂറ യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. കെ. ഷയീെൻറയും മകനാണ്.

കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പ്ലസ് വൺ ക്ലാസിെൻറ ആദ്യ ദിവസം സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഹനീൻ വീട്ടിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടായി റിയാദിൽ തന്നെ തുടരാൻ തീരുമാനിച്ച ഹനീൻ കുടുംബത്തിെൻറ വലിയ പ്രതീക്ഷയായിരുന്നു. ഖുർആൻ ഹൃദിസ്ഥമാക്കുന്നതിലും ഫുട്ബാളിലും ഹനീൻ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഹാദി അബ്ദുറഹ്‌മാൻ, ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങൾ. റിയാദ് കെ.എം.സി.സി ഭാരവാഹികളായ ഷറഫു പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ജാഫർ വീംബൂർ, സലീം സിയാംകണ്ടം, മുഹമ്മദ് കുട്ടി കുറിയോടം എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.