Asianet News MalayalamAsianet News Malayalam

ഉമ്മയും സ്വപ്നവും റിയാദിൽ അന്തിയുറങ്ങി; വേര്‍പാടിന്‍റെ വേദനയുമായി മുഹമ്മദ് മിറാജും ഉപ്പയും ഹജ്ജിന് പുറപ്പെട്ടു

അപ്രതീക്ഷതമായ വിടവാങ്ങൽ ഇരുവർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. എത്രയും വേഗം പുണ്യ ഭൂമിയിലെത്തി എല്ലാം നിശ്ചയിച്ച നാഥന്റെ മുന്നിൽ ഉമ്മയുടെ പരലോക മോക്ഷത്തിനായി പ്രാർത്ഥിച്ച് മനസ്സ് തണുപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് മിറാജ് പറഞ്ഞു.

man and father went to hajj after mother died without fulfilling dream to perform hajj
Author
First Published May 16, 2024, 5:52 PM IST

റിയാദ്: ഉമ്മയും ഉമ്മയുടെ ഹജ്ജെന്ന സ്വപ്നവും റിയാദിൽ അന്തിയുറങ്ങി. ഉമ്മയില്ലാതെ മുഹമ്മദ് മിറാജ്ഉം ഉപ്പ സദറും ഹജ്ജ് നിർവഹിക്കാനുള്ള ലക്ഷ്യവുമായി മദീനയിലേക്ക് പോയി. ബിഹാർ സ്വദേശി മുഹമ്മദ് മിറാജ്, ഉപ്പയുടെയും ഉമ്മയുടെയും ഹജ്ജ് ചെയ്യാനുള്ള ആഗ്രഹം യാഥാർഥ്യമാക്കാനാണ് മെയ് 12 ന് ഞായറാഴ്ച കൊൽക്കത്തയിൽ നിന്ന് വിമാനം കയറിയത്. യാത്രാമധ്യേ ഉമ്മ മോമിന ഖാത്തൂന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം റിയാദിൽ അടിയന്തിര ലാൻഡിങ് നടത്തി ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

വിമാനത്താവളത്തിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം പൊതുപ്രവർത്തകൻ ഷിഹാബ് കൊട്ടുകാടെത്തി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി. മെയ് 13 ന് തിങ്കളാഴ്ച തന്നെ മൃതദേഹം റിയാദ് നസീം മഖ്ബറയിൽ ഖബറടക്കി. ശേഷം ഖാത്തൂന്റെ മകൻ മുഹമ്മദ് മിറാജ്ഉം ഭർത്താവ് മുഹമ്മദ് സദറും ഹജ്ജ് നിർവഹിക്കുക ലക്ഷ്യം വെച്ച് മദീനയിലേക്ക് പോയി. മദീനയിൽ നിന്ന് ഇവർ നാട്ടിൽ നിന്നെത്തിയ ഹജ്ജ് സംഘത്തോടൊപ്പം മക്കയിലേക്ക് തിരിക്കും. ലക്ഷ്യം പൂർത്തീകരിക്കാതെ പകുതി വഴിയിൽ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട ദുഃഖം പേറിയാണ് ഇരുവരും ഹജ്ജിനെത്തുക. 

Read Also - പ്രവാസി മലയാളികള്‍ക്ക് സന്തോഷം, യാത്രാ ദുരിതത്തിന് പരിഹാരം; ദിവസേന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

അപ്രതീക്ഷതമായ വിടവാങ്ങൽ ഇരുവർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. എത്രയും വേഗം പുണ്യ ഭൂമിയിലെത്തി എല്ലാം നിശ്ചയിച്ച നാഥന്റെ മുന്നിൽ ഉമ്മയുടെ പരലോക മോക്ഷത്തിനായി പ്രാർത്ഥിച്ച് മനസ്സ് തണുപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് മിറാജ് പറഞ്ഞു. മദീനയിലോ ജിദ്ദയിലോ മാത്രം ഇമിഗ്രേഷന് അനുമതിയുള്ള ഹജ്ജ് തീർത്ഥാടകരായ കുടുംബത്തെ പ്രത്യേക അനുമതി തേടിയാണ് റിയാദിൽ ഇറക്കിയത്. ഖാത്തൂമിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഇരുവരും എംബസിയിലെത്തി വെൽഫെയർ ഓഫീസർ മോയിൻ അക്തർ ഉൾപ്പടെയുള്ളവർക്ക് നന്ദിയറിയിച്ചു. മദീനയിലെത്തുമ്പോൾ ആവശ്യമായ സഹായങ്ങൾ നൽകാൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ അവിടെയുണ്ടാകും. യാത്രയിലുണ്ടായിരുന്ന ലഗേജ് താമസ സ്ഥലത്ത് എത്തിക്കാനും സംവിധാനം ചെയ്തതായി ശിഹാബ് പറഞ്ഞു. സൗജന്യ ടിക്കറ്റ് നൽകിയാണ് ആഭ്യന്തര വിമാന കമ്പനിയായ ഫ്‌ളൈ അദീൽ ഇരുവരെയും മദീനയിലേക്ക് യാത്രയാക്കിയത്. മുൻ പരിചയമില്ലാത്ത ഒരാൾ മനുഷ്വത്വത്തിന്റെ പേരിൽ മാത്രം നിർണ്ണായക സമയത്ത് നൽകിയ എല്ലാ പിന്തുണക്കും നിറ കണ്ണുകളോടെ നന്ദി പറഞ്ഞാണ് അവർ ശിഹാബ് കൊട്ടുകാടിനോട് യാത്ര പറഞ്ഞത്.

ഫോട്ടോ: മുഹമ്മദ് മിറാജും സദറും വെൽഫെയർ സെക്രട്ടറി മോയിൻ അക്തറിനും ഷിഹാബ് കൊട്ടുകാടിനുമൊപ്പം ഇന്ത്യൻ എംബസിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios