കുവൈത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ 48കാരനായ ഒരാൾ അറസ്റ്റിലായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ പ്രായപൂർത്തിയാകാത്ത മകനെ ഒരു കവചമായി ഉപയോഗിച്ചിരുന്നു. ഹവല്ലിയിൽ വെച്ച് നടത്തിയ നീക്കത്തിലാണ്
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ ഒരാൾ പിടിയിൽ. കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കത്തിനൊടുവിലാണ് 48കാരനായ വ്യക്തി അറസ്റ്റിലായത്. പൊലീസിന്റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും വാഹന പരിശോധനകളിൽ നിന്നും കർശനമായ സുരക്ഷാ ക്യാമ്പയിനുകളിൽ നിന്നും രക്ഷപ്പെടുന്നതിനായി ഇയാൾ തന്റെ പ്രായപൂർത്തിയാകാത്ത മകനെ സ്ഥിരമായി കൂടെക്കൂട്ടാറുണ്ടായിരുന്നു എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
പ്രതി മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിക്കാൻ ചെറിയ മകനെ കവചമാക്കി യാത്ര ചെയ്യാറുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഹവല്ലി മേഖലയിൽ വെച്ച് പൊലീസ് സംഘം ഇയാൾക്കായി കെണിയൊരുക്കുകയും വാഹനം തടഞ്ഞ് പ്രതിയെ വിജയകരമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി വാഹനത്തിൽ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള മാരക മയക്കുമരുന്നുകൾ പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം പൂർണ്ണമായും സമ്മതിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതിയുടെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മകനെ ആവശ്യമായ നിയമനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയതായി കുവൈത്ത് സുരക്ഷാ അധികൃതർ സ്ഥിരീകരിച്ചു.


