അല്‍ഐന്‍: വാട്സ്‍ആപ് വോയിസ് മെസേജിലൂടെ മറ്റൊരാളെ അസഭ്യം പറഞ്ഞതിന് യുവാവിന് 10,000 ദിര്‍ഹം പിഴ. കേസില്‍ നേരത്തെ പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി അല്‍ ഐന്‍ അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. പിഴത്തുക കൂട്ടണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം നിരസിച്ചു.

പരാതിക്കാരനെയും മാതാപിതാക്കളെയും അധിക്ഷേപിക്കുന്ന ഓഡിയോ സന്ദേശമാണ് പ്രതി വാട്‍സ്ആപ് വഴി അയച്ചത്. തനിക്കുണ്ടായ മാനനഷ്‍ടത്തിന് പകരമായി നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് തെളിവ് സഹിതം പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രാഥമിക കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു.  എന്നാല്‍ താന്‍ നേരിട്ട അപമാനത്തിന് പകരമുള്ള നഷ്‍ടപരിഹാരമായി ഈ തുക അപര്യാപ്‍തമാണെന്ന് ആരോപിച്ച് പരാതിക്കാരന്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച അപ്പീല്‍ കോടതി നഷ്‍ടപരിഹാരത്തുക ഉയര്‍ത്താതെ കീഴ്‍കോടതി വിധി ശരിവെയ്‍ക്കുകയായിരുന്നു.