മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികളെ തുടർന്ന് എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ യുഎഇ വിമാനക്കമ്പനികൾ നിരവധി സർവീസുകൾ റദ്ദാക്കുകയും ചിലത് പുനഃക്രമീകരിക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് വിവരങ്ങൾ ഉറപ്പുവരുത്താനും നേരത്തെ എത്താനും അധികൃതർ നിർദ്ദേശിച്ചു.
ദുബായ്: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. എമിറേറ്റ്‌സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് എന്നീ പ്രമുഖ യുഎഇ വിമാനക്കമ്പനികളും നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയും ചിലത് സമയം പുനഃക്രമീകരിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും അമേരിക്ക-ഇറാൻ പോര് കടുക്കുന്നതുമാണ് വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കാൻ കാരണം.
യുഎഇ വിമാനക്കമ്പനികളുടെ പുതിയ വിവരങ്ങൾ
ഇത്തിഹാദ് എയർവേസ്: പെഷവാറിലേക്കുള്ള എസ്‌വൈ 276 (EY276), മടക്ക സർവീസായ എസ്‌വൈ 277 (EY277) എന്നിവ വൈകും. ബഹ്‌റൈനിലേക്കുള്ള പല സർവീസുകളും ഓഗസ്റ്റ് 21 വരെ റദ്ദാക്കി.
എമിറേറ്റ്‌സ്: ബഹ്‌റൈനിലേക്കുള്ള ബഹുഭൂരിപക്ഷം സർവീസുകളും റദ്ദാക്കി. ഓഗസ്റ്റ് 10 മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത ദുബായിലേക്കുള്ള യാത്രക്കാർക്ക് തീയതി മാറ്റുന്നതിന് അധിക ഫീസ് ഈടാക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു.
ഫ്ലൈദുബായ്: കുവൈത്ത്, ബഹ്‌റൈൻ, സൗദി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തുടരുന്നുണ്ടെങ്കിലും ടെൽ അവീവ്, ജിദ്ദ, ബോഡ്രം വിമാനങ്ങൾ വൈകും. യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും ദുബായ് എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
എയർ അറേബ്യ: ഷാർജയിൽ നിന്ന് ബഹ്‌റൈനിലേക്കും കുവൈത്തിലേക്കുമുള്ള വിമാനങ്ങളും അബുദാബി-കുവൈത്ത് സർവീസും റദ്ദാക്കി.
ഇന്ത്യൻ സർവീസുകൾ: ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് (SG5117), കറാച്ചിയിലേക്കുള്ള എയർ ബ്ലൂ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് എയർവേസ്: ദുബായ്, ബാഹ്‌റൈൻ, ടെൽ അവീവ്, അമ്മാൻ സർവീസുകൾ ഒക്ടോബർ 25 വരെ നിർത്തിവെച്ചു.
ലുഫ്ത്താൻസ & സ്വിസ് എയർ: ദുബായിലേക്കുള്ള സർവീസുകൾ സെപ്റ്റംബർ 13 വരെ നിർത്തിവെച്ചു.
എയർ കാനഡ: ദുബായ് സർവീസുകൾ 2027 ജനുവരി പകുതി വരെ നീട്ടിയിട്ടുണ്ട്.
കെഎൽഎം: റിയാദ്, ദമാം, ദുബായ് സർവീസുകൾ സെപ്റ്റംബർ 6 വരെ റദ്ദാക്കി.
യാത്രക്കാർ ശ്രദ്ധിക്കുക
വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റ് വഴി വിമാനത്തിന്റെ നിലവിലെ അവസ്ഥ ഉറപ്പാക്കുക. സാധാരണ സമയത്തേക്കാൾ കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തുവാൻ ശ്രദ്ധിക്കുക. ലഭ്യമായ ഇടങ്ങളിൽ ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കുക.
ശക്തമായ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് വിമാന സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.


