സൗദിയിൽ ശൈത്യകാലം ആരംഭിക്കാൻ ഒൻപത് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 2020-ലെ ശൈത്യകാലത്ത് ഫോട്ടോഗ്രാഫർ ഫവാസ് അൽ-ഹർബി പകർത്തിയ 'മരുഭൂമിയിലെ കപ്പലും തൂവെള്ള മഞ്ഞും' എന്ന വിഖ്യാത ചിത്രവും അൽ-ഖഹ്താനി ഈ അവസരത്തിൽ അനുസ്മരിച്ചു.

റിയാദ്: സൗദി അറേബ്യയിൽ ശൈത്യകാലം ആരംഭിക്കാൻ ഇനി ഒൻപത് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി അറിയിച്ചു. മുൻ സീസണുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായ അപൂർവ കാലാവസ്ഥാ പ്രതിഭാസങ്ങളും മനോഹരമായ ശൈത്യകാല കാഴ്ചകളും ഇത്തവണയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും വിളിച്ചോതുന്ന മികച്ച ചിത്രങ്ങൾ പകർത്താൻ തയ്യാറെടുക്കണമെന്ന് ഫോട്ടോഗ്രാഫർമാരോടും ദൃശ്യമാധ്യമ തത്പരരോടും അൽ-ഖഹ്താനി ആഹ്വാനം ചെയ്തു. 'എക്സ്' പ്ലാറ്റ്‌ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2020-ലെ ശൈത്യകാലത്ത് ഫോട്ടോഗ്രാഫർ ഫവാസ് അൽ-ഹർബി പകർത്തിയ 'മരുഭൂമിയിലെ കപ്പലും തൂവെള്ള മഞ്ഞും' എന്ന വിഖ്യാത ചിത്രവും അൽ-ഖഹ്താനി ഈ അവസരത്തിൽ അനുസ്മരിച്ചു. മഞ്ഞുവീഴ്ചയ്ക്കിടയിലുള്ള ഒട്ടകത്തിന്റെ ഈ അപൂർവ ദൃശ്യം അക്കാലത്ത് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാവുകയും സൗദിയിലെ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.