നേരത്തെ ദമ്മാമിലും റിയാദിലുമൊക്കെ ഉണ്ടായിരുന്ന ഇത്തരം മരുന്ന് വില്‍പനക്കാര്‍ ഇപ്പോള്‍ യാംബൂ, അബഹ, ജിസാന്‍ എന്നിവിടങ്ങളിലെല്ലാം സജീവമാണെന്ന് അവിടങ്ങളിലുള്ള പ്രവാസികള്‍ പറയുന്നു.

റിയാദ്: കഷണ്ടിയും കുടവയറും നരയും മാറുമെന്ന പേരില്‍ എണ്ണയും മരുന്നുകളും വില്‍ക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകം. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീണിട്ടുണ്ട്. ആകര്‍ഷകമായി സംസാരിക്കുന്ന ഇവര്‍ പലപ്പോഴും കുടുംബത്തോടൊപ്പമൊക്കെ എത്തിയാണ് ആളുകളെ വിശ്വാസിപ്പിക്കുന്നത്. കഷണ്ടിക്കും കുടവയറിനും മാത്രമല്ല ചിലര്‍ കാഴ്ചക്കുറവും പ്രമേഹത്തിനും വരെയുള്ള മരുന്നുകളും ഇങ്ങനെ വില്‍ക്കുന്നുണ്ടത്രെ.

നേരത്തെ ദമ്മാമിലും റിയാദിലുമൊക്കെ ഉണ്ടായിരുന്ന ഇത്തരം മരുന്ന് വില്‍പനക്കാര്‍ ഇപ്പോള്‍ യാംബൂ, അബഹ, ജിസാന്‍ എന്നിവിടങ്ങളിലെല്ലാം സജീവമാണെന്ന് അവിടങ്ങളിലുള്ള പ്രവാസികള്‍ പറയുന്നു. പലരും തട്ടിപ്പിന് ഇരയായതിന്റെ ജാള്യതയില്‍ വിവരങ്ങള്‍ പുറത്തുപറയാനും തയ്യാറാവുന്നില്ല. കഷണ്ടിയോ കുടവയറോ അല്ലെങ്കില്‍ നരയോ ഒക്കെ ഉള്ള പ്രവാസികളെയാണ് ലക്ഷ്യമിടുന്നത്. അടുത്ത് വന്ന് വളരെ മാന്യമായി സംസാരിക്കും. ചിലപ്പോ കുടുംബവും ഒപ്പമുണ്ടാകും. തനിക്കും സമാനമായ കഷണ്ടിയുടെയോ കുടവയറിന്റെയോ ഒക്കെ പ്രശ്നമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഒരു മരുന്ന് ഉപയോഗിച്ചതോടെ അത് നിശ്ശേഷം മാറിയെന്നും പറയും. തുടര്‍ന്ന് ആ മരുന്ന് വേണമെങ്കില്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് ആളുകളെ കെണിയില്‍ വീഴ്‍ത്തുന്നത്.

എണ്ണയില്‍ ചില പൊടികള്‍ ഇട്ട് നല്‍കുന്ന മരുന്നിന് 250 റിയാലൊക്കെയാണ് ചോദിക്കുന്നത്. അത് നല്‍കാനാവില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ വില കുറച്ച് 150 റിയാലിലും താഴെയെത്തും. ഒടുവില്‍ മരുന്നും വാങ്ങി പോകുന്നവര്‍ എത്ര തവണ ഉപയോഗിച്ചാലും ഒന്നും സംഭവിക്കില്ല. മാത്രവുമല്ല ചിലപ്പോള്‍ തലവേദയോ അതു പോലുള്ള മറ്റ് പ്രശ്‍നങ്ങളോ ഉടലെടുക്കുകയും ചെയ്യും. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാവുന്നതോടെ സംഭവം മറ്റാരും അറിയാതിരിക്കാനാവും അടുത്ത ശ്രമം. 

കുടവയറിനും കഷണ്ടിക്കും മരുന്ന് വേണ്ടെന്ന് പറഞ്ഞ ഒരു പ്രവാസിയോട് കണ്ണിന്റെ പ്രശ്‍നങ്ങള്‍ മാറാനുള്ള ഒറ്റമൂലി ഉണ്ടെന്നും അത് ഉപയോഗിച്ചാല്‍ കണ്ണട ഒഴിവാക്കാമെന്നും വാഗ്ദാനം നല്‍കി. ഉത്തരേന്ത്യക്കാര്‍ക്കൊപ്പം പാകിസ്ഥാനികളും ഈ തട്ടിപ്പ് രംഗത്ത് സജീവമാണ്. ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലുമൊക്കെയാണ് സംസാരം. ആളുകള്‍ മാറിമാറിപ്പോവുന്നത് കൊണ്ടും പല സ്ഥലങ്ങളിലേക്ക് മാറുന്നത് കൊണ്ടും ഇവരെ പിന്നീട് കണ്ടുപിടിക്കാന്‍ സാധ്യത കുറവാണ്.