റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ മിനിബസിന് തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. റാസല്‍ഖൈമയിലുള്ള ഒരു കമ്പനിയുടെ മിനിബസാണ് കത്തി നശിച്ചത്.

അല്‍ സഫിനയ്ക്ക് സമീപമുള്ള നഗരത്തില്‍ മിനിബസിന് തീപ്പിടിച്ചതായി ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ചതായും ഉടന്‍ തന്നെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീയണച്ചതായും റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുള്ള അല്‍ സാബി പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീപ്പിടുത്തത്തിന്റെ കാരണമറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.