കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. 118 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, മൂന്ന് പേർ അറസ്റ്റിൽ.
കുവൈത്ത് സിറ്റി: കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കീഴിൽ ഗവർണറേറ്റുകളിലെ ഹൈവേകളിൽ മൊബൈൽ റഡാർ ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപകമായ ഗതാഗത പരിശോധനയാണ് നടന്നത്.
റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള അധികൃതരുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിൻ. പരിശോധനയിൽ 118 വിവിധ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, നിയമനടപടികൾ നേരിടുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
നിയമലംഘനവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ഒരു വാഹനം പിടിച്ചെടുക്കുകയും, മറ്റൊരു വാഹനത്തെ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ കണ്ടുകെട്ടുകയും ചെയ്തു. ഒരാളെ മുൻകരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിട്ടുണ്ടെന്ന് കുവൈത്തി അധികൃതര്‍ അറിയിച്ചു.
