Asianet News MalayalamAsianet News Malayalam

യൂറോപ്പിനേക്കാൾ കൂടുതൽ വനിതാ ടെക് സ്റ്റാർട്ടപ്പ് സംരംഭകർ സൗദി അറേബ്യയിലെന്ന് പഠനം

2021-ൽ സൗദി അറേബ്യ സ്ത്രീകൾക്ക് 139,754 പുതിയ വാണിജ്യ ലൈസൻസുകൾ നൽകിയിരുന്നു. രാജ്യത്തിന്‍റെ  കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആഗോളതലത്തിലെ ഏറ്റവും വലിയ വളർച്ചാ നിരക്കുകളിൽ ഒന്നാണിത്.

More female tech startup entrepreneurs in Saudi Arabia than Europe
Author
Riyadh Saudi Arabia, First Published Jun 30, 2022, 10:41 PM IST

റിയാദ്: യൂറോപ്പിലേക്കാള്‍ കൂടുതല്‍ വനിതാ ടെക് സ്റ്റാർട്ടപ്പ് സംരംഭകർ പ്രവര്‍ത്തിക്കുന്നത് സൗദി അറേബ്യയിലെന്ന് പഠനം. ഏറ്റവും പുതിയ ഗവേഷണമനുസരിച്ച് കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഈ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 28 ശതമാനമായിരുന്നു. യൂറോപ്യൻ ശരാശരി നിരക്കിനേക്കാൾ 10 ശതമാനത്തിലധികം കൂടുതലാണിത്. അതേ കാലയളവിൽ യൂറോപ്പില്‍ ഇത് 17.5 ശതമാനമായിരുന്നു.

2021-ൽ സൗദി അറേബ്യ സ്ത്രീകൾക്ക് 139,754 പുതിയ വാണിജ്യ ലൈസൻസുകൾ നൽകിയിരുന്നു. രാജ്യത്തിന്‍റെ  കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആഗോളതലത്തിലെ ഏറ്റവും വലിയ വളർച്ചാ നിരക്കുകളിൽ ഒന്നാണിത്.

2015മായി താരതമ്യം ചെയ്യുമ്പോള്‍, വനിതാ സംരംഭകര്‍ക്കായി നല്‍കിയ കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകളില്‍ 112 ശതമാനം വര്‍ധനവാണ് ഇതിലൂടെ രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്ക് 2015ല്‍ 65,912 കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകളാണ് അനുവദിച്ചിരുന്നത്.  

സൗദി വിഷൻ 2030ലൂടെ, സ്വകാര്യമേഖലയിലെ നിക്ഷേപം, കഴിവുകളെ ആകർഷിക്കൽ, ഇവ നിലനിർത്തൽ എന്നിവയിൽ ഊന്നൽ നൽകിയത് ഈ ഉയർച്ചയ്ക്ക് ആക്കം കൂട്ടിയതായി റിപ്പോർട്ട് പറയുന്നു. 

Read Also: ചരിത്രം സൃഷ്ടിച്ച് ജിദ്ദ സീസൺ; പരിപാടികൾ ആസ്വദിച്ചത് 50 ലക്ഷം ആളുകൾ

70 സാങ്കേതിക സംരംഭകരുമായും 340-ലധികം കമ്പനികളുമായും അവയുടെ സ്ഥാപകരുമായും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പഠന കണ്ടെത്തലുകൾ. രാജ്യത്തിന്‍റെ ടെക് കമ്മ്യൂണിറ്റിയുമായി പ്രവർത്തിക്കുന്ന 250-ലധികം സപ്പോര്‍ട്ട് സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുമാണ് ഡാറ്റ ശേഖരിച്ചത്.

Read Also: സൗദിയിലെ ബാങ്കുകൾ ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

എല്ലാ മന്ത്രാലയങ്ങളിലും ഗവൺമെന്റിലും സർക്കാരിതര ഓഫീസുകളിലും ഉടനീളം സ്ത്രീകളെ ഉയര്‍ന്ന നേതൃസ്ഥാനങ്ങളിൽ കാണുന്നുണ്ട്. സൗദിയിൽ എത്തുമ്പോൾ, ഇമിഗ്രേഷൻ ഡെസ്‌കുകളില്‍ ഒട്ടേറെ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് കാണാനാകും. ശാക്തീകരിക്കപ്പെടുകയും നയിക്കപ്പെടുകയും ഭാവി സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണിത്. സ്ത്രീകൾ ഇത്തരം സ്ഥാനങ്ങളിലെത്തുന്നത് സ്ഥിതിവിവരക്കണക്കിന് അപ്പുറം ഒരു രാജ്യം മുന്നോട്ട് കുതിക്കുന്നതാണ് പ്രകടമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read Also : പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,416 പ്രവാസികൾ

ഒരു കമ്പനിയുടെ സാമ്പത്തിക പ്രകടനവുമായി ലിംഗസമത്വത്തിന് ശക്തമായ ബന്ധമുണ്ടെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. എക്സിക്യൂട്ടീവ് റോളുകളിൽ കൂടുതൽ സ്ത്രീകളുള്ള കമ്പനികൾ ലാഭകരമാകാനുള്ള സാധ്യത 25% കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം, നിക്ഷേപകർക്ക് മികച്ച വരുമാനം നൽകുന്നു. സുസ്ഥിര നിക്ഷേപത്തിൽ സ്ത്രീ നിക്ഷേപകരാണ് മുൻനിരയിലുള്ളതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, സ്ത്രീകൾ നേതൃത്വം നൽകുമ്പോൾ അവർ കൂടുതൽ സ്ത്രീകളെ നിയമിക്കുകയും കൂടുതൽ വൈവിധ്യമാർന്ന തൊഴിൽ ശക്തിയിലേക്ക് ഇത് നയിക്കുകയും ചെയ്യുന്നു.  സ്‌ത്രീകൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സമൂഹത്തിനുവേണ്ടിയും കൂടുതൽ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
 
 

Follow Us:
Download App:
  • android
  • ios