വരണ്ട കാലാവസ്ഥയെ അതിജീവിച്ച് മരുഭൂമിയിൽ മുരിങ്ങ കൃഷി വൻ വാണിജ്യ വിജയമാകുന്നു. കുറഞ്ഞ ജല ഉപയോഗവും ഉയർന്ന സാമ്പത്തിക മൂല്യവും കാരണം സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ഇതൊരു മികച്ച വിളയായി മാറുകയാണ്. പോഷകഗുണങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും മുരിങ്ങ വലിയ പങ്കുവഹിക്കുന്നു.
റിയാദ്: വരണ്ട കാലാവസ്ഥയോടുള്ള ഉയർന്ന അതിജീവനശേഷിയും കുറഞ്ഞ ജല ഉപയോഗവും കാരണം മരുഭൂമിയിലെ മുരിങ്ങ കൃഷി വലിയ വാണിജ്യ വിജയത്തിലേക്ക്. ഉയർന്ന സാമ്പത്തിക മൂല്യവും വേഗത്തിലുള്ള വളർച്ചയും മുൻനിർത്തി, പാരിസ്ഥിതിക വ്യതിയാനങ്ങളെ അതിജീവിക്കുന്ന മികച്ചൊരു വാണിജ്യ വിളയായി ആഗോളതലത്തിൽ തന്നെ മുരിങ്ങ ശ്രദ്ധനേടുകയാണ്.
വരണ്ട പ്രദേശങ്ങളിൽ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സസ്യകൃഷി വ്യാപിപ്പിക്കുന്നതിന് മുരിങ്ങ വലിയ അവസരമാണ് നൽകുന്നതെന്ന് സൗദിയിലെ ഹായിൽ പ്രവിശ്യാ മുരിങ്ങ സഹകരണ സംഘം ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ ഉബൈദാ വ്യക്തമാക്കി. പത്ത് വർഷത്തിലേറെ നീണ്ട തന്റെ കൃഷി അനുഭവസമ്പത്ത് പങ്കുവെച്ച അദ്ദേഹം, 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫാമിൽ നിന്ന് വൻ വിളവെടുപ്പ് നടത്തുന്നതായി ചൂണ്ടിക്കാട്ടി. 5 മുതൽ 14 മീറ്റർ വരെ ഉയരമുള്ള മുപ്പതിനായിരത്തിലധികം മരങ്ങളാണ് ഈ ഫാമിലുള്ളത്. പെരിഗ്രിന, ഒലിഫെറ തുടങ്ങി 13-ഓളം വൈവിധ്യമാർന്ന ഇനങ്ങൾ ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
കുറഞ്ഞ പൊടിപടലങ്ങളും അനുയോജ്യമായ അന്തരീക്ഷവും കാരണം ഹായിലിൽ ഇലക്കറി മുരിങ്ങ കൃഷി വൻ വിജയമാണെന്ന് ഡോ. അൽ ഉബൈദാ കൂട്ടിച്ചേർത്തു. മേയ് മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് വിളവെടുപ്പ് സജീവമാകുന്നത്. വളരെ കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമുള്ളതിനാൽ മരുഭൂമിയിലെ കൃഷി ചെലവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. മറ്റു മരങ്ങളെ അപേക്ഷിച്ച് 21 മടങ്ങ് ഉയർന്ന നിരക്കിൽ അന്തരീക്ഷ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ള മുരിങ്ങ, പോഷകാഹാര ലഭ്യതയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരുപോലെ വിപ്ലവം സൃഷ്ടിച്ചാണ് വാണിജ്യരംഗത്ത് മുന്നേറുന്നത്.


