കഴിഞ്ഞ ജൂണ്‍ 30 നാണ് ബിജുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.

റിയാദ്: സൗദി അറേബ്യയിലെ ഹാഇലില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. തിരുവനന്തപുരം പാലോട് നന്ദിയോട് ആലംപാറ 'ശ്രീ വിനായക'യില്‍ ബിനു ബാബുവിന്റെ (44) മൃതദേഹമാണ് സാമൂഹിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ബുധനാഴ്ച നാട്ടിലെത്തിച്ചത്. കഴിഞ്ഞ ജൂണ്‍ 30 നാണ് ബിജുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.

ഹാഇലിലെ അല്‍-അജ്ഫറില്‍ പ്ലംബിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു. മുമ്പ് അല്‍ഖസീമില്‍ ജോലി ചെയ്തിരുന്ന ബിനു ഏതാനും വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ പുതിയ വിസയില്‍ സൗദിയില്‍ എത്തിയിട്ട് നാലുമാസം തികഞ്ഞപ്പോഴാണ് മരണം. സ്‌പോണ്‍സറുടെ നിസ്സഹകരണം മൂലമാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഒടുവില്‍ റിയാദ് ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമവിഭാഗം മൃതദേഹത്തിന്റെ എംബാംമിങ്ങിന്റെയും വിമാന ടിക്കറ്റിന്റെയും ചെലവുകള്‍ ഏറ്റെടുത്തതോടെയാണ് നാട്ടിലെത്തിക്കാനായത്.

ഹാഇലില്‍ നിന്ന് റോഡ് മാര്‍ഗം റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തില്‍ മുംബൈ വഴി തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു. രാത്രി ഒമ്പതിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. മാതാവ്: ഉഷാകുമാരി. ഭാര്യ: ഷൈനി. മക്കള്‍: ഹിമ (12), ഹേമന്ത് (മൂന്ന്). റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ ഹാഇല്‍ കെ.എം.സി.സി ഭാരവാഹികളായ ബഷീര്‍ മാള, അബ്ദുല്‍ കരീം തുവ്വൂര്‍, ന്യൂ ഏജ് പ്രവര്‍ത്തകന്‍ എം. സാലി ആലുവ എന്നിവരാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Read More:  ദിവസങ്ങള്‍ മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മരിച്ചു

മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. കണ്ണൂര്‍ കൂത്തുപറമ്പ് പനമ്പ്രാല്‍ മെരുവമ്പായ് ഖലീല്‍ (37) ആണ് മരിച്ചത്. ദുബൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ് - ഉസൈന്‍. മാതാവ് - സഫിയ. ഭാര്യ - ഷഹറ. മക്കള്‍ - അസബ്, അസീന്‍. സഹോദരങ്ങള്‍ - അഷ്‍കര്‍, അഫ്രീദ്, ഷഫീദ, ഷമീന, ഷര്‍മിന, ഷാനിബ. വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മലയാളി ഉംറ തീർത്ഥാടകൻ സൗദി അറേബ്യയില്‍ ശ്വാസതടസം മൂലം മരിച്ചു