ഏപ്രിൽ ആറിന് നാല് സുഹൃത്തുക്കളോടൊപ്പം ഉംറക്ക് പുറപ്പെട്ട ഇവരുടെ വാഹനം മക്കയിലെ ഖുലൈസിന് സമീപം അപകടത്തിൽ പെടുകയായിരുന്നു. 

റിയാദ്: ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലെ യാംബുവിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ മുഹമ്മദ് ഇസ്‌മാഈലിന്റെ (39) മൃതദേഹം ഖബറടക്കി. വിവിധ തുറകളിലുള്ള ധാരാളം ആളുകളുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച വെകീട്ട് അഞ്ചിന് ജിദ്ദയിലെ അൽ റുവൈസ് മഖ്ബറയിലാണ് ഖബറടക്കിയത്. 

ഏപ്രിൽ ആറിന് നാല് സുഹൃത്തുക്കളോടൊപ്പം ഉംറക്ക് പുറപ്പെട്ട ഇവരുടെ വാഹനം മക്കയിലെ ഖുലൈസിന് സമീപം അപകടത്തിൽ പെടുകയായിരുന്നു. പാകിസ്താന്‍ പൗരൻ ഓടിച്ച ട്രക്ക് ഇവരുടെ കാറിന് പിന്നിലിടിച്ചായിരുന്നു അപകടം. തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ഇസ്മാഈലിനെ ജിദ്ദയിലെ അബ്ഹൂറിലെ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സക്കിടെയാണ് ചൊവ്വാഴ്ച ഇസ്മാഈൽ മരിച്ചത്. 

ഒന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്ന ഇസ്മാഈൽ യാംബു റോയൽ കമീഷൻ ആശുപത്രിയിൽ ക്ലീനിങ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ജിദ്ദ നവോദയ കലാസാംസ്കാരിക വേദി യാംബു ഏരിയ റോയൽ കമീഷൻ യൂനിറ്റിൽ സജീവ പ്രവർത്തകനുമായിരുന്നു. 

Read also: നഷ്ടമായത് ആത്മാർത്ഥതയുള്ള സഹയാത്രികനെ; ദുബൈയില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനമറിയിച്ച് കെ സുധാകരന്‍