സൗദിയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരിച്ച തമിഴ്നാട് സ്വദേശികളായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. അഗർബത്തിയിൽ നിന്നുള്ള തീപ്പൊരി കാർപെറ്റിൽ വീണാണ് അപകടമുണ്ടായത്.
റിയാദ്: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരണമടഞ്ഞ തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടുവയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
ചെന്നൈ നാങ്ങനല്ലൂർ കാമരാജ് സ്ട്രീറ്റ് സ്വദേശികളായ രാജാറാം-രാജേശ്വരി ദമ്പതികളുടെ മകൾ ജയഭാരതി (37), രണ്ട് വയസുകാരിയായ മകൾ കാർത്തിക ശ്രീ എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദ് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ 'കനിവ്' ജീവകാരുണ്യ വിഭാഗം മുൻകൈയെടുത്ത് നാട്ടിലെത്തിച്ചത്. ബുറൈദയിൽ ഇക്ട്രോണിക് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഗോകുൽ രാജാണ് ജയഭാരതിയുടെ ഭർത്താവ്. കഴിഞ്ഞ ജൂലൈ 21 നാണ് ദാരുണമായ സംഭവം.
ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കത്തിച്ചുവെച്ച അഗർബത്തിയിൽനിന്ന് നിലത്ത് വീണ തീപ്പൊരി കാർപെറ്റിൽ പടർന്നുപിടിക്കുകയും മുറിയിൽ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ട്. അപകടസമയത്ത് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയും മകളും ദുരന്തത്തിൽ മരിച്ച വിവരം അറിയുന്നത്. സന്ദേശം ലഭിച്ച് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടം വളഞ്ഞതിനാൽ എന്താണ് സംഭവിച്ചതെന്ന് പുറംലോകവും അറിഞ്ഞില്ല. അപകടത്തിന് ഒരാഴ്ച മുമ്പാണ് യുവതിയും കുഞ്ഞും സന്ദർശന വിസയിൽ ബുറൈദയിൽ എത്തിയത്.
അശ്രദ്ധയും അജ്ഞതയും മൂലം താമസയിടങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കനിവ് ജീവകാരുണ്യ വിഭാഗം കൺവീനറും സാമൂഹിക പ്രവർത്തകനുമായ ബി. ഹരിലാൽ ആവശ്യപ്പെട്ടു. ഉറങ്ങുന്നതിന് മുമ്പ് തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും വീടുകളിൽ പുക അലാറം, അഗ്നിശമന ഉപകരണം തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ന ഒരുക്കുകയും വേണം. ഒരു ചെറിയ അശ്രദ്ധ പോലും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന ബോധ്യം ഓരോ പ്രവാസി കുടുംബത്തിനും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 'കനിവ്' ജീവകാരുണ്യ വിഭാഗം എക്‌സി. അംഗം നൈസാം തൂലികയാണ് യാത്രാരേഖകൾ ശരിപ്പെടുത്താൻ മുൻകൈയെടുത്തത്. യാത്രാ ചെലവ് റിയാദ് ഇന്ത്യൻ എംബസി വഹിച്ചു. റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈ എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.


