കുവൈത്തിലെ ഷർഖിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തിയ അജ്ഞാതൻ ഇന്ത്യൻ പ്രവാസിയുടെ പഴ്സ് തട്ടിയെടുത്ത് കടന്നുകളഞ്ഞു. പഴ്സിലുണ്ടായിരുന്ന 210 ദിനാറും സിവിൽ ഐഡിയും ബാങ്ക് കാർഡുമാണ് നഷ്ടപ്പെട്ടത്. പ്രതിയെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
കുവൈത്ത്: കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തിയ അജ്ഞാതൻ ഇന്ത്യൻ പ്രവാസിയുടെ പഴ്സ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായി പരാതി. ഷർഖ് പ്രദേശത്താണ് സംഭവം. പഴ്സിലുണ്ടായിരുന്ന 210 കുവൈത്ത് ദിനാറും സിവിൽ ഐഡിയും ബാങ്ക് കാർഡും നഷ്ടപ്പെട്ടതായി പ്രവാസി പൊലീസിൽ പരാതി നൽകി.
ഷർഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഷർഖിലെ വ്യവസായ മേഖലയ്ക്ക് സമീപം നിൽക്കുന്നതിനിടെ അജ്ഞാതനായ ഒരാൾ സമീപിക്കുകയും താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. താമസാനുമതിയുടെ സാധുത പരിശോധിക്കാനെന്ന പേരിൽ ഇയാൾ സിവിൽ ഐഡി ആവശ്യപ്പെട്ടു. തുടർന്ന് സിവിൽ ഐഡി പുറത്തെടുക്കുന്നതിനായി പ്രവാസി പഴ്സ് എടുത്തപ്പോൾ അജ്ഞാതൻ അത് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പഴ്സിൽ 210 ദിനാറിന് പുറമെ സിവിൽ ഐഡിയും ബാങ്ക് കാർഡും ഉണ്ടായിരുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പബ്ലിക് പ്രോസിക്യൂട്ടറെ അറിയിച്ചതിനെ തുടർന്ന് കേസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസിന് കൈമാറി. പ്രതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി ക്യാപിറ്റൽ ഗവർണറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെന്ന പേരിൽ സമീപിക്കുന്ന അപരിചിതരുടെ തിരിച്ചറിയൽ രേഖകൾ ഉറപ്പുവരുത്തണമെന്നും സംശയാസ്പദമായ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.







