നിയമ ലംഘനം നടത്തി അപകടകരമായ രീതില്‍ വാഹനം ഓടിച്ചതിന് പുറമെ തന്റെ പ്രവൃത്തികള്‍ മുഴുവന്‍ യുവാവ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ തെറ്റായ ദിശയില്‍ വാഹനം ഓടിച്ച യുവാവിനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്‍തു. അശ്രദ്ധമായും സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തിലും വാഹനം ഓടിച്ചതിനാണ് പൊലീസിന്റെ നടപടി.

നിയമ ലംഘനം നടത്തി അപകടകരമായ രീതില്‍ വാഹനം ഓടിച്ചതിന് പുറമെ തന്റെ പ്രവൃത്തികള്‍ മുഴുവന്‍ യുവാവ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‍തതായി കുവൈത്തി മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. എന്നാല്‍ പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം കുവൈത്ത് ട്രാഫിക് കോഓര്‍ഡിനേഷന്‍ ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാഹന പരിശോധന നടത്തി. ഡെലിവറി ബൈക്കുകളെയും മൊബൈല്‍ ടാക്സികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റുകളും ഡ്രൈവിങ് ലൈസന്‍സുകളും ഉണ്ടോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. 48 മണിക്കൂറിനകം 190 നിയമ ലംഘനങ്ങള്‍ ഈ വിഭാഗങ്ങളില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

Read more: ബോട്ടിലുകളില്‍ മദ്യം നിറച്ച് വില്‍പന; പ്രവാസി യുവാവ് അറസ്റ്റില്‍

ഒമാനിലെ ബീച്ചില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു
മസ്‌കറ്റ്: ഒമാനില്‍ രണ്ട് കുട്ടികളും അവരുടെ പിതാവും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. ഇന്ന് (ഓഗസ്റ്റ് 11) വ്യാഴാഴ്ച വിലായത്ത് ബര്‍ക്കയിലെ അല്‍ സവാദി ബീച്ചിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായതെന്ന് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ (സിഡിഎഎ) പ്രസ്താവനയില്‍ പറയുന്നു.

അഞ്ച് പേരടങ്ങുന്ന ഒരു കുടുംബം ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് കുട്ടികളും അവരുടെ പിതാവും മരിച്ചുവെന്നാണ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അമ്മയെയും മൂന്ന് കുട്ടികളില്‍ ഒരാളെയും രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.