'ആരോഗ്യകരമായ വാർധക്യത്തിന് യോഗ' എന്ന സന്ദേശവുമായി മസ്കറ്റിലെ ഇന്ത്യൻ എംബസി 12-ാമത് അന്താരാഷ്ട്ര യോഗദിനം വിപുലമായി ആഘോഷിച്ചു. നിയുക്ത അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയായ ചടങ്ങിൽ നയതന്ത്ര പ്രതിനിധികളും ഇന്ത്യൻ സമൂഹാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.  

മസ്കറ്റ്: ‘ആരോഗ്യകരമായ വാർധക്യത്തിന് യോഗ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 12-ാമത് അന്താരാഷ്ട്ര യോഗദിനം ഇന്ത്യൻ എംബസി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 21-ന് പുലർച്ചെ മസ്കറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ നിയുക്ത അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയായി പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നയതന്ത്ര പ്രതിനിധികൾ, ഇന്ത്യയുടെ സുഹൃത്തുക്കൾ, ഒമാനിലെ ഇന്ത്യൻ സമൂഹാംഗങ്ങൾ, യോഗാ പരിശീലിക്കുന്നവർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സജീവ സാന്നിധ്യമാണ് ചടങ്ങിനെ ശ്രദ്ധേയമാക്കിയത്. ഈ വർഷത്തെ അന്താരാഷ്ട്ര യോഗദിന പ്രമേയമായ ‘യോഗ ഫോർ ഹെൽത്തി ഏജിങ്’ നെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർ യോഗാഭ്യാസം നടത്തി. പരിപാടിയുടെ ഭാഗമായി പ്രഗത്ഭ യോഗാഭ്യാസികൾ വിവിധ യോഗാസനങ്ങൾ അവതരിപ്പിച്ചു. ഒമാനിൽ യോഗയ്ക്കും യോഗാസനത്തിനും വർധിച്ചുവരുന്ന ജനപ്രീതി തെളിയിക്കുന്നതായിരുന്നു യോഗാഭ്യാസ പ്രകടനങ്ങൾ. ഒമാൻ യോഗാസന ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രത്യേക യോഗാസന പ്രദർശനവും അരങ്ങേറി. ഫെഡറേഷൻ പ്രസിഡന്റ് സൽഹ ഹക്കീം അൽ തൂഖിയുടെ സാന്നിധ്യവും പരിപാടിക്ക് മാറ്റുകൂട്ടി.

ചടങ്ങിൽ സംസാരിച്ച നിയുക്ത ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ, 12-ാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സന്ദേശം വായിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനേയും അഭിസംബോധന ചെയ്ത സന്ദേശത്തിൽ, ആരോഗ്യം, ഐക്യം, മാനവിക ക്ഷേമം എന്നിവയ്ക്കായുള്ള ആഗോള പ്രസ്ഥാനമായി യോഗ മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘ആരോഗ്യകരമായ വാർധക്യത്തിന് യോഗ’ എന്ന ഈ വർഷത്തെ പ്രമേയത്തെ പരാമർശിച്ച പ്രധാനമന്ത്രി, രോഗപ്രതിരോധ ആരോഗ്യസംരക്ഷണത്തിന്റെയും സമഗ്ര ക്ഷേമത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. യോഗയുടെ സ്ഥിരമായ പരിശീലനം ശാരീരിക ആരോഗ്യം ശക്തിപ്പെടുത്തുകയും മാനസിക കരുത്തും വൈകാരിക സന്തുലിതാവസ്ഥയും വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാനിലെ വിവിധ നഗരങ്ങളിൽ ഒരേസമയം അന്താരാഷ്ട്ര യോഗദിനാഘോഷങ്ങൾ നടക്കുന്നതിനിടെ തന്റെ ആദ്യ പൊതുപരിപാടികളിലൊന്ന് യോഗദിനവുമായി ബന്ധപ്പെട്ടതെന്നതിൽ സന്തോഷമുണ്ടെന്നും അംബാസഡർ പറഞ്ഞു. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യോഗ പരിപാടികൾ സംഘടിപ്പിക്കാൻ സഹകരിച്ച സംഘടനകൾക്കും സന്നദ്ധ പ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇന്ത്യ-ഒമാൻ സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുകയും സാംസ്കാരിക വിനിമയങ്ങൾക്കും പരസ്പര ധാരണയ്ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പിന്തുണയ്ക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.