40 ദിവസം നീണ്ടുനിന്ന മസ്കത്ത് നൈറ്റ് ഫെസ്റ്റിവല്‍ ശനിയാഴ്ചയാണ് സമാപിച്ചത്. പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഒമാനി പരമ്പരാഗത ഹെറിറ്റേജ് വില്ലേജായിരുന്നു.
മസ്കത്ത്: മസ്കത്തിന് ആഘോഷരാവുകൾ സമ്മാനിച്ച സാംസ്കാരിക, വിനോദ പരിപാടിയായ മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിനെത്തിയത് 17 ലക്ഷം സന്ദർശകർ. ശനിയാഴ്ചയാണ് ഫെസ്റ്റിവലിന് സമാപനം കുറിച്ചത്. ഗവർണറേറ്റിലെ ഏഴ് പ്രധാന നഗരങ്ങളിലായാണ് ഇത്തവണ മസ്കത്ത് നൈറ്റ് ഫെസ്റ്റിവൽ നടന്നത്. 40 ദിവസം നീണ്ടുനിന്ന പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഒമാനി പരമ്പരാഗത ഹെറിറ്റേജ് വില്ലേജായിരുന്നു.
ആദ്യമായാണ് മസ്കത്ത് നൈറ്റ് ഫെസ്റ്റിവൽ വ്യത്യസ്തങ്ങളായ ഏഴിടങ്ങളിൽ നടത്തിയതെന്നും ആദ്യം അതൊരു വെല്ലുവിളിയായി തോന്നിയിരുന്നെങ്കിലും പിന്നീട് തയാറെടുപ്പുകൾക്കായി രൂപീകരിച്ച കമ്മിറ്റിയുടെയും സമിതികളുടെയും നിരന്തര ശ്രമങ്ങളുടെ ഫലമായി തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി പറഞ്ഞു. ഗവർണറേറ്റുകളിൽ നിന്നും സുൽത്താനേറ്റിന് പുറത്തു നിന്നുമായി നിരവധി ആളുകളാണ് ഫെസ്റ്റിവൽ സന്ദർശിക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
read also: യുഎഇയിൽ അരോചകമായ ശബ്ദം പുറപ്പെടുവിച്ച് ശല്യമുണ്ടാക്കിയ 106 വാഹനങ്ങൾ കണ്ടുകെട്ടി
ഏകദേശം ആയിരത്തോളം ചെറുതും ഇടത്തരവുമായ സംരംഭങ്ങളാണ് മസ്കത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തത്. സന്ദർശകർക്ക് മുന്നിൽ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കാനുള്ള വേദിയായി ഫെസ്റ്റിവൽ മാറുകയായിരുന്നു. കാഴ്ചയുടെ വർണ വസന്തമൊരുക്കിയ പുഷ്പ മേള ആദ്യമായാണ് ഫെസ്റ്റിവലിൽ സംഘടിപ്പിച്ചത്. ഖുറം നാഷനൽ പാർക്കിൽ നടന്ന പരിപാടിയിൽ 20 രാജ്യങ്ങളിൽ നിന്നുള്ള പൂക്കളാണ് പ്രദർശനത്തിനുവെച്ചത്. ഇതിനോടൊപ്പം തന്നെ ഫുഡ് ഫെസ്റ്റിവലും നടത്തിയിരുന്നു. പതിവ് വെടിക്കെട്ടുകളും ഡ്രോൺ ഷോകളും മസ്കത്ത് നൈറ്റ് ഫെസ്റ്റവലിന്റെ ഭാഗമായി അരങ്ങേറി. ഫെസ്റ്റിവലിന്റെ അവസാന ദിവസങ്ങളിൽ സന്ദർശകർ കൂടുതലും എത്തിയത് ആമിറാത്ത് പാർക്കിലെ ഗ്ലോബൽ വില്ലേജിലേക്കായിരുന്നു. കൂടാതെ, ഇറാൻ, ഇന്ത്യ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത കര കൗശല വസ്തുക്കളും പ്രദർശനത്തിന് ഒരുക്കിയിരുന്നു. ഇതൊക്കെ കാണാനും ആഘോഷങ്ങളുടെ ഭാഗമാകാനും രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തിയത്.
