റിമോട്ട് ക്രെയിനുകൾ പ്രവർത്തിപ്പിക്കാൻ സൗദിയില്‍ വനിതകള്‍ക്ക് പരിശീലനം. 

റിയാദ്: നിയോം തുറമുഖത്ത് റിമോട്ട് ക്രെയിനുകൾ പ്രവർത്തിപ്പിക്കാൻ ഇനി സൗദി പെൺകരുത്തും. തബൂക്ക് സ്വദേശിനികളായ 10 യുവതികൾക്ക് റിമോട്ട് ക്രെയിൻ ഓപ്പറേഷൻ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക ജോലികളിൽ പരിശീലനം നൽകാൻ നിയോം പോർട്ട് അധികൃതർ തുടക്കം കുറിച്ചു. സാങ്കേതിക വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, കരിയർ മാർഗനിർദേശം എന്നിവ ഉൾപ്പെട്ട സിലബസിൽ രണ്ട് വർഷം നീളുന്നതാണ് പരിശീലനം.

കപ്പലുകളിൽ നിന്ന് കണ്ടെയ്‌നറുകളും ചരക്കുകളും ഡോക്കിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൂർണമായും ഓട്ടോമേറ്റഡ്, റിമോട്ട് നിയന്ത്രിത ക്രെയിനുകൾ നിയോം തുറമുഖത്ത് എത്തിയിട്ടുണ്ട്. ഇതിനൊപ്പം സ്മാർട്ട് ട്രേഡിനായി തുറമുഖത്ത് പുതിയ സജ്ജീകരണങ്ങൾ ഒരുക്കുകയാണ്. വനിതകളെ ഈ രംഗത്തേക്ക് കൊണ്ടുവരാനും ആഗ്രഹിക്കുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് വനിത ഓപ്പറേറ്റർ പരിശീലനം ആരംഭിച്ചത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണ് റിമോട്ട് ക്രെയിൻ.

YouTube video player