ജൂൺ 26ന് പുതിയ കിസ്വ കഅ്ബയെ അണിയിക്കും
റിയാദ്: മക്കയിലെ പുണ്യ ഗേഹത്തിന് പുതിയ പുടവ (കിസ്വ) അണിയിക്കാൻ ഒരുക്കി. ജൂൺ 26ന് (ഹിജ്റ വർഷാരംഭം, മുഹറം ഒന്ന്) കഅ്ബയെ അണിയിക്കാനായി കിസ്വ കൈമാറി. സൽമാൻ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിശ്അൽ ആണ് കഅ്ബയുടെ സുക്ഷിപ്പുകാരൻ അബ്ദുൽമലിക് ബിൻ ത്വഹ അൽശൈബിക്ക് പുതിയ കിസ്വ കൈമാറിയത്. ഇതിനായുള്ള കൈമാറ്റ രേഖയിൽ ഹജ്ജ്-ഉംറ മന്ത്രിയും ഇരുഹറംകാര്യ ജനറൽ പ്രസിഡൻസി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽറബീഅയും കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അബ്ദുൽമലിക് ബിൻ ത്വഹ അൽശൈബിയും ഒപ്പുവെച്ചു.
ഇതിന് 14 മീറ്റർ ഉയരവും 12 മീറ്റർ നീളവുമുണ്ട്. അതിന്റെ മുകളിലെ മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റിമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ഒരു ബെൽറ്റ് ഉണ്ട്. ഇസ്ലാമിക അലങ്കാരങ്ങളിൽ സ്വർണ, വെള്ളി നൂലുകളിൽ ഖുർആൻ വചനങ്ങളാൽ അലങ്കരിച്ച ചതുരാകൃതിയാൽ ചുറ്റപ്പെട്ട 16 കഷ്ണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 200ഓളം തൊഴിലാളികൾ 10 മാസമെടുത്താണ് കിസ്വ നിർമിക്കുന്നത്.


