പലയിടങ്ങളിലും യെല്ലോ, ഓറ‍ഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്

അബുദാബി: യുഎഇയിൽ ഈദ് അൽ അദ്ഹ ആഘോഷത്തിന്റെ മൂന്നാം ദിവസവും കനത്ത മഴ. അവധി ദിവസങ്ങളിൽ പ്രവാസികളുടെയും പൗരന്മാരുടെയും സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ഫുജൈറയിലെ വാദി അൽ സിദ്ർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം റിപ്പോർട്ട് ചെയ്തു. റാസൽഖൈമയിലെ മസാഫി, ഷാർജയിലെ ഖോർഫക്കാൻ, വാദി ഷീസ് എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. ഇവിടങ്ങളിൽ യെല്ലോ, ഓറ‍ഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചതോടെ വാദികൾ കവിഞ്ഞൊഴുകുകയും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു. ജൂൺ 21ന് ഔദ്യോ​ഗികമായി വേനൽക്കാലം യുഎഇയിൽ ആരംഭിക്കും. മഴ പെയ്തതോടെ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് താമസക്കാർക്ക് ആശ്വാസം ലഭിച്ചു. ഖോർഫക്കാനിൽ പെയ്ത മഴയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മഴയുടെ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്കായി പ്രത്യേക മാർ​​​ഗ നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ദൃശ്യപരത കുറയുന്ന സാഹചര്യങ്ങളിൽ വാഹനത്തിന്റെ ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഓണാക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നുണ്ട്. കൂടുതൽ കാലാവസ്ഥ അപ്ഡേറ്റുകൾ അറിയുന്നതിനായി ഔദ്യോ​ഗിക വൃത്തങ്ങൾ പിന്തുടരണമെന്ന് അധികൃതർ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.